കൊല്ലം എസ്എന്‍ കോളജ് ഫണ്ട് തിരിമറി കേസ്; വെള്ളാപ്പള്ളി നടേശനെതിരായ റിപ്പോര്‍ട്ട് തയാറാക്കി ക്രൈംബ്രാഞ്ച്

കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി ക്രൈംബ്രാഞ്ച്. കേസില്‍ കുറ്റപത്രം നല്‍കണോ അതോ കൂടുതല്‍ അന്വേഷണം വേണോ എന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. ഇതിനിടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2004 ല്‍ കോടതി നിര്‍ദേശപ്രകാരം തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി സമര്‍പ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിയോടെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. കുറ്റപത്രത്തിന് അനുമതി ലഭിച്ചാല്‍ വെള്ളാപ്പള്ളി നടേശന് എതിരായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
മറിച്ച് കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയാണ് വരുന്നതെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും. കേസ് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയെങ്കിലും തുടര്‍നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി വന്നിരുന്നു.
1997 – 98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
Story Highlights: vellappally natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here