സികെ വിനീതിന്റെ റെക്കോർഡ് ഒരൊറ്റ സീസണിൽ പഴങ്കഥയായി; ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ഇനി ഓഗ്ബച്ചെ

ക്ലബിനായി ഏറ്റവുമധികം ഗോളുകൾ നേടിയ കളിക്കാരനെന്ന മുൻ താരം സികെ വിനീതിൻ്റെ റെക്കോർഡ് ഒരൊറ്റ സീസണിൽ തിരുത്തി കേരള ബ്ലാസ്റ്റേഴ്സ് നായകൻ ബെർതലോമ്യു ഓഗ്ബച്ചെ. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെതിരെ നേടിയ ആദ്യ ഗോളോടെയാണ് ഓഗ്ബച്ചെ ഈ നേട്ടം കുറിച്ചത്.
കഴിഞ്ഞ മത്സരത്തിൽ നേടിയ രണ്ട് ഗോളുകൾ അടക്കം 13 ഗോളുകളാണ് ഓഗ്ബച്ചെയുടെ ഇതുവരെയുള്ള സമ്പാദ്യം. 15 മത്സരങ്ങളിൽ നിന്നാണ് ഓഗ്ബച്ചെ 13 ഗോളുകൾ നേടി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. സികെ വിനീത് ആവട്ടെ 43 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ നേടിയത്.
അതേ സമയം, ബെംഗളൂരു എഫ്സിക്കെതിരെ ചരിത്രത്തിലെ തന്നെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കൊച്ചിയിൽ കുറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ജയം. മത്സരത്തിലുടനീളം മികച്ചു നിന്ന ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് തിരിച്ചടിച്ചത്. 45+3, 72 മിനിട്ടുകളിലായിരുന്നു ഓഗ്ബച്ചെ ബെംഗളൂരു വല തുളച്ചത്. 72ആം മിനിട്ടിൽ പെനൽറ്റിയിലൂടെയായിരുന്നു ഗോൾ.
സീസണിൽ ഒരു മത്സരം കൂടിയാണ് ബ്ലാസ്റ്റേഴ്സിന് അവസാനിക്കുന്നത്. ഒഡീഷക്കെതിരെ വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ ഈ സീസൺ പോരാട്ടങ്ങൾ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കും. നിലവിൽ 17 മത്സരങ്ങളിൽ നിന്ന് നാല് ജയവും 6 സമനിലയും 7 തോൽവിയും സഹിതം 18 പോയിൻ്റുകളുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ഒഡീഷക്കെതിരെ ജയിച്ചാലും നില മെച്ചപ്പെടില്ല. അതേ സമയം, പരാജയപ്പെട്ടാൽ എട്ടാം സ്ഥാനത്തേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്.
Story Highlights: Bartholomew Ogbeche, Kerala blasters, CK Vineeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here