ഓടാൻ തയ്യാർ; പക്ഷേ, കമ്പള മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ ഒരു മാസത്തെ സമയം നൽകണം: ശ്രീനിവാസ ഗൗഡ

സായിയുടെ കായിക ക്ഷമതാ പരിശോധനക്ക് തയ്യാറാണെന്ന് കമ്പള ഓട്ടക്കാരൻ ശ്രീനിവാസ ഗൗഡ. നേരത്തെ, കായിക ക്ഷമതാ പരിശോധനക്ക് പങ്കെടുക്കില്ലെന്നും ട്രാക്കിൽ ഓടാൻ വയ്യെന്നുമറിയിച്ച ഗൗഡയാണ് നിലപാട് മാറ്റി രംഗത്തെത്തിയത്. എന്നാൽ, നിരവധി കമ്പള മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ പരിശോധനക്ക് ഹാജരാവാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഗൗഡ പറഞ്ഞു. മുഖ്യമന്ത്രി യെദിയൂരപ്പയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ അറിയിച്ചത്.
“ഞാൻ ഇപ്പോൾ സായിലെ ട്രയൽസിൽ പങ്കെടുക്കില്ല. എനിക്ക് കമ്പളയിൽ കുറേയേറെ നേടാനുണ്ട്. കമ്പള ടൂർണമെൻ്റ് നടക്കുകയാണ്. സായിയോട് ഒരു മാസത്തെ സമയം ഞാൻ ചോദിക്കുന്നു. അതിനു ശേഷം ഞാൻ എത്താം. പരിശീലിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമാണ്. മാർച്ച് ആദ്യ വാരത്തോടെ മത്സരങ്ങൾ അവസാനിക്കും. ഇതിന് ശേഷം ശാരീരിക ക്ഷമത കൂടി പരിഗണിച്ചായിരിക്കും സായ് അധികൃതരെ ബന്ധപ്പെടുക.”- ഗൗഡ പറഞ്ഞു.
ഇത്ര വേഗത്തിൽ ഓടാൻ കാരണം തൻ്റെ കാളകളാണെന്നും അദ്ദേഹം പറഞ്ഞു. കമ്പളയിൽ വേഗത്തിൽ ഓടുന്ന തനിക്ക് ട്രാക്കിൽ ഇത്ര വേഗം ലഭിച്ചേക്കില്ല. ട്രാക്കിലെ മികച്ച താരങ്ങൾ പരമ്പരാഗത മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ഗൗഡ പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയിൽ നടക്കുന്ന കമ്പള’ എന്ന കാളപൂട്ട് മത്സരത്തിൽ വർഷങ്ങളായി ജേതാവാണ് ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരത്തിൽ അദ്ദേഹം കാളകൾക്കൊപ്പം 142 മീറ്റർ ദൂരം 13.42 സെക്കന്റ് കൊണ്ട് ഓടിയിരുന്നു. 100 മീറ്റര്‍ മറികടക്കാൻ എടുത്തത് 9.55 സെക്കൻ്റ്. സമൂഹമാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. വേഗരാജാവായ ഉസൈൻ ബോൾട്ടിൻ്റെ ലോക റെക്കോർഡ് മറികടക്കുന്ന വേഗതയാണ് ഗൗഡക്ക് ഉള്ളതെന്നും ചിലർ അവകാശപ്പെട്ടു. തുടർന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇദ്ദേഹത്തെ ട്രയൽസിനു ക്ഷണിക്കുകയായിരുന്നു.
Story Highlights: Srinivasa Gowda sai training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here