രാമനാഥപുരത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

തമിഴ്‌നാട് തെങ്കാശി രാമനാഥപുരത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കേടായ കാര്‍ നന്നാക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. മൂന്നു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
കൊല്ലം കല്ലുവാതുക്കല്‍ ആടുതലയില്‍ തോമസ് കുട്ടിയുടെ മകന്‍ സിജു തോമസ്, കൊട്ടാരക്കര മണ്ണൂര്‍ മാങ്കുഴി പുത്തന്‍വീട്ടില്‍ നൈനാന്റെ മകന്‍ സിഞ്ചു നൈനാന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. റിക്കവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖരനാണ് മരിച്ച മൂന്നാമന്‍.
തിരുമംഗലം – കൊല്ലം ദേശീയപാതയില്‍ പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. മരിച്ച കൊല്ലം സ്വദേശികള്‍ കുടുംബസമേതം ചെന്നൈയില്‍ നിന്നും കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു. രാത്രി രണ്ടുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കേരള രജിസ്‌ട്രേഷന്‍ കാര്‍ അരുളാച്ചി ജംഗ്ഷനു സമീപം ടയര്‍ പഞ്ചറായി അവിടെയുള്ള പാലത്തില്‍ ഇടിച്ച് തകര്‍ന്നിരുന്നു.
തുടര്‍ന്ന് കാറിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും നാട്ടിലേക്ക് ബസില്‍ കയറ്റിവിട്ടു. പിന്നീട് കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി കെട്ടി വലിച്ചു കൊണ്ടു പോകുന്നതിനിടയിലാണ് അപകടമുണ്ടാകുന്നത്. കോവൈ – തെങ്കാശി റൂട്ടിലോടുന്ന ആരതി ട്രാവല്‍സാണ് മൂവരെയും ഇടിച്ചു തെറിപ്പിച്ചത്. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസ് ഡ്രൈവര്‍ ജയപ്രകാശിനെ വസുദേവനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ശിവഗിരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights: accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here