വനിതാ ടി-20 ലോകകപ്പ്: യുവ ശക്തിയുമായി ഇന്ത്യ

വനിതാ ടി-20 ലോകകപ്പിലേക്ക് ഇനി മൂന്നു ദിവസങ്ങളുടെ ദൂരമേയുള്ളൂ. 21ന് ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അതിശക്തരായ എതിരാളികൾ ആണെങ്കിലും ഇക്കഴിഞ്ഞ ത്രിരാഷ്ട്ര ടൂർണമെൻ്റിൽ ഓസീസിനെ പരാജയപ്പെടുത്തിയത് ടീം ഇന്ത്യക്ക് ആത്മവിശ്വാസം നൽകും. ഇതോടൊപ്പം ഇന്ത്യക്ക് പ്രതീക്ഷിക്കാവുന്ന മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ഒരുപറ്റം മികച്ച യുവതാരങ്ങളാണ് ടീം ഇന്ത്യയെ മറ്റു ടീമുകളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്.
ഷഫാലി വർമ്മ തന്നെയാണ് ഇന്ത്യയുടെ ട്രമ്പ് കാർഡ്. 16 വയസ് മാത്രമുള്ള ഷഫാലി കഴിഞ്ഞ കാലങ്ങളിൽ ക്രിക്കറ്റ് പണ്ഡിറ്റുകളെ അത്ഭുതപ്പെടുത്തിയ താരമാണ്. ക്ലീൻ ഹിറ്റർ. ഇത്ര ശക്തിയായി പന്തിനെ പ്രഹരിക്കുന്ന മറ്റ് വനിതാ ക്രിക്കറ്റർമാർ ഇന്ത്യയിലെന്നല്ല, മറ്റ് ടീമുകളിൽ പോലും ഇല്ല. ഹർമൻപ്രീത് കൗർ പോലെ ചുരുക്കം ചിലരെ എടുത്ത് കാണിക്കാമെങ്കിലും ഷഫാലി അവരെക്കാൾ ഉയരത്തിലാണെന്നാണ് എൻ്റെ വിലയിരുത്തൽ. 16 വയസ്സിൻ്റെ ചെറുപ്പത്തിൽ ഷഫാലിയുടെ കരുത്ത് അതിശയിപ്പിക്കുന്നതാണ്. ബുള്ളറ്റ് ബൗണ്ടറികളും അനായാസമായ സിക്സറുകളും ഷഫാലിക്ക് സവിശേഷമായ ഒരു പരിവേഷം നൽകുന്നു. ഭയപ്പാടില്ലാതെ കളിക്കുന്നു എന്നതും ഷഫാലിയിലൂടെ ഇന്ത്യക്ക് ലഭിച്ചേക്കാവുന്ന ഗുണമാണ്.
ഷഫാലിക്കൊപ്പം 16കാരിയായ റിച്ച ഘോഷും ഇന്ത്യൻ ടീമിലുണ്ട്. ഷഫാലിയെപ്പോലെ എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ അല്ലെങ്കിലും മധ്യനിരയിൽ ശ്രദ്ധേയമായ സംഭാവന നൽകാൻ സാധിക്കുമെന്ന സൂചന, റിച്ച ത്രിരാഷ്ട്ര സീരീസ് ഫൈനലിൽ നൽകിയിരുന്നു. റിച്ച ടീമിലുണ്ടെങ്കിലും ഫൈനൽ ഇലവനിൽ ഇറങ്ങാൻ സാധ്യതയില്ല.
ടെക്നിക്കൽ വശം പരിഗണിക്കുമ്പോൾ, കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഇന്ത്യക്ക് സംഭവിച്ച ഏറ്റവും മികച്ച ഒരു കാര്യമാണ് ജമീമ റോഡ്രിഗസ്. 19കാരിയായ ജമീമ ലോംഗ് ഇന്നിംഗ്സുകൾ കളിക്കാനുള്ള സാങ്കേതികതയും ക്വിക്ക് ഫയർ ഇന്നിംഗ്സുകൾ കളിക്കാനുള്ള സെൻസുമുള്ള താരമാണ്. കരുത്ത് ഷഫാലിയോലമോ ഹർമൻപ്രീതിനോളമോ ഒന്നും ഇല്ലെങ്കിലും മന്ദനയെപ്പോലെ ഫീൽഡിലെ വിടവുകൾ കണ്ടെത്താനും അൺ ഓർത്തഡോക്സ് ഷോട്ടുകളിലൂടെ ബൗളറെ അൺസെറ്റിൽ ചെയ്യാനും ജമീമക്ക് സാധിക്കും.
ഹർലീൻ ഡിയോളും എക്സൈറ്റിംഗ് ആയുള്ള ഒരു യുവതാരമാണ്. ഇതുവരെ ഗംഭീര പ്രകടനങ്ങൾ പുറത്തെടുക്കാൻ ഹർലീനു സാധിച്ചില്ലെങ്കിലും കഴിഞ്ഞ വർഷത്തെ വിമൻസ് ടി-20 ചലഞ്ചിൽ തൻ്റെ പ്രതിഭ എന്താണെന്ന് താരം തെളിയിച്ചിരുന്നു. ഒരു ക്വിക്ക് ഫയർ ഇന്നിംഗ്സിനു കഴിയാത്തതു കൊണ്ടും, ടോപ്പ് ഓർഡർ ഫിൽ ആയതു കൊണ്ടും ഹർലീൻ ഫൈനൽ ഇലവൻ കളിച്ചേക്കില്ല.
പൂജ വസ്ട്രാക്കർ എന്ന 20കാരി പേസ് ബൗളറും മറ്റൊരു മികച്ച ടാലൻ്റാണ്. 20 ടി-20കളിൽ പന്തെറിഞ്ഞിട്ടും 7നു താഴെ എക്കോണമി കാത്തു സൂക്ഷിക്കുന്ന പൂജ 16 വിക്കറ്റുകളും നേടിയിട്ടുണ്ട്. 19കാരിയായ രാധ യാദവും ലീഗിൽ ഇന്ത്യയുടെ കരുത്താവും. സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളറായ രാധ കഴിഞ്ഞ ടി-20 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമായിരുന്നു. 32 മത്സരങ്ങൾ, 6.23 എക്കോണമി, 43 വിക്കറ്റുകൾ. ഈ കണക്കുകൾ മാത്രം മതി രാധ യാദവ് ആരെന്ന് മനസ്സിലാവാൻ.
22കാരിയായ ദീപ്തി ശർമ്മയാണ് ബൗളിംഗ് യൂണിയിലെ സിംഹം. 43 ടി-20കളിൽ പന്തെറിഞ്ഞ ദീപ്തിയുടെ എക്കോണമി റേറ്റ് 5.88 ആണ്. 49 വിക്കറ്റുകളും ഉണ്ട്. 18 ആണ് ദീപ്തിയുടെ ശരാശരി. ഓൾറൗണ്ടറായ ദീപ്തിക്ക് ഇതുവരെ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ലെങ്കിലും കഴിവുള്ള താരം തന്നെയാണ്. ഫീൽഡിലെ അതിശയിപ്പിക്കുന്ന ഇടപെടൽ കൂടിയാകുമ്പോൾ ദീപ്തിയും ഇന്ത്യൻ സംഘത്തിലെ പ്രധാന യുവതാരങ്ങളിൽ ഒരാളാവും.
ഇവർക്കൊപ്പം എവർ റിലയബിൾ സ്മൃതി മന്ദന, സ്പിൻ മാന്ത്രിക പൂനം യാദവ്, സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാൻ ക്യാപ്റ്റൻ കൂൾ ഹർമൻപ്രീത് കൗർ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ടീം ഇന്ത്യ.
Story Highlights: Womens T-20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here