പിടി തരാതെ ട്രാൻസ് ട്രെയിലർ; വീഡിയോ കാണാം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ട്രാൻസി’ൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഏത് തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ സൂചന നൽകാതെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.
ഒന്നര മിനിട്ട് ദൈർഘ്യമുള്ളതാണ് ട്രെയിലർ. സൗബിൻ ഷാഹിറിൻ്റെ വോയിസ് ഓവറോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഫഹദ് ഫസിലിൻ്റെ വിജു പ്രസാദ് എന്ന മോട്ടിവേഷണൽ സ്പീക്കറെപ്പറ്റി സൗബിൻ പറയുന്ന വിശേഷണങ്ങളിലൂടെ തുടങ്ങി കഥാപാത്ര പരിചയപ്പെടുത്തലുകളിലൂടെ ട്രെയിലർ അവസാനിക്കുന്നു. ഏത് തരത്തിലുള്ള സിനിമയാണെന്ന സൂചന ട്രെയിലർ നൽകുന്നില്ല.
നേരത്തെ, സിനിമ കണ്ട തിരുവന്തപുരം സെന്ററിൽ നിന്ന് 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾക്ക് കത്രിക വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സംവിധായകൻ തയാറായില്ല. തുടർന്ന് മുബൈയിലുള്ള റിവൈസിംഗ് കമ്മറ്റിയുടെ പുനഃപരിശോധനയ്ക്ക് അയച്ചു. ചിത്രം കണ്ട മുംബൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റിവൈസിംഗ് കമ്മറ്റി ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് സംവിധാനം ചെയ്ത അവസാന ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികൾ’ എന്ന ആന്തോളജി ചിത്രത്തിൽ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ഫഹദിനൊപ്പം നസ്റിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ ട്രാൻസിൽ അണിനിരക്കും. വിൻസൻ്റ് വടക്കനാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധാനം ജാക്സൺ വിജയനും പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും നിർവഹിക്കും. അമൽ നീരദാണ് ക്യാമറ. എഡിറ്റ് പ്രവീൺ പ്രഭാകർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here