Advertisement

തടവുകാരെ കൈമാറാൻ യെമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ ധാരണയായി

February 18, 2020
1 minute Read

തടവുകാരെ പരസ്പരം കൈമാറാനുള്ള കരാറിന് യെമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ ധാരണയായി. നടപ്പിലാക്കാൻ കഴിയാതെ ദീർഘകാലമായി നീട്ടിവെച്ചിരുന്ന കരാറിനാണ് ഇപ്പോൾ ഇരുകൂട്ടരും പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ യെമനിലെ അൽ ജൗഫിൽ സൗദി വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ദീർഘകാലമായി തടസപ്പെട്ടിരിക്കുകയായിരുന്ന കരാർ നടപ്പിലാക്കാൻ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഹൂതി വിമതരും തമ്മിൽ ധാരണയായത്. ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ ഏഴ് ദിവസമായി നടന്ന ചർച്ചകളെത്തുടർന്നാണ് തീരുമാനം. വിട്ടുകിട്ടേണ്ട തടവുകാരുടെ പട്ടിക ഉടൻ കൈമാറാൻ ഇരുകൂട്ടരും തീരുമാനിച്ചതായി യെമനിലെ യുഎൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത്‌സ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ കൈമാറുന്ന തടവുകാരുടെ കൃത്യമായ സംഖ്യ എത്രയെന്നും എന്നുമുതൽ കൈമാറ്റം ആരംഭിക്കുമെന്നുമുള്ള കാര്യങ്ങൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കിയില്ല. ഇരുകൂട്ടരും എത്രയും പെട്ടെന്ന് കരാർ നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് ഗ്രിഫിത്ത്‌സ് ആവശ്യപ്പെട്ടു.

എന്നാൽ ആദ്യഘട്ടത്തിൽ ഇരുവശത്തുനിന്നും 1,400ലധികം തടവുകാരെയാണ് വിട്ടുനൽകുകയെന്ന് വിമത വിഭാഗം നേതാവ് അബ്ദുൾ ഖാദർ അൽ മുർത്തസ ട്വീറ്റ് ചെയ്തു. അന്തിമ പട്ടിക തയ്യാറാക്കാനായി അമ്മാനിലെ യോഗം രണ്ട് ദിവസം കൂടി തുടരുമെന്നും മുർത്തസ അറിയിച്ചു. യുഎന്നും റെഡ്‌ക്രോസും സംയുക്തമായി അധ്യക്ഷത വഹിച്ച യോഗത്തിൽ യെമൻ സർക്കാരിന്റെയും വിമതരുടെയും പ്രതിനിധികൾക്ക് പുറമെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ പ്രതിനിധികളും പങ്കെടുത്തു. പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് റെഡ് ക്രോസിന്റെ യെമനിലെ മേധാവി ഫ്രാൻസ് റോച്ചെസ്റ്റിൻ പറഞ്ഞു.

2018ൽ സ്വീഡനിൽ നടന്ന സമാധാന ചർച്ചയിൽ തടവുകാരെ കൈമാറാൻ ധാരണയായതാണെങ്കിലും ഇരുകൂട്ടരും ആക്രമണങ്ങൾ അവസാനിപ്പിക്കാതിരുന്നതും പരസ്പര വിശ്വാസമില്ലായ്മയും കാരണം രണ്ട് വർഷമായി അത് നടപ്പിലാക്കാനായിരുന്നില്ല.

Story highlights- Yemen, prisoner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top