ജിയോ തരംഗം: വോഡഫോൺ-ഐഡിയ അടച്ചു പൂട്ടൽ ഭീഷണിയിൽ

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നായ വോഡഫോൺ-ഐഡിയ അടച്ചുപൂട്ടൽ ഭീഷണിയിൽ. നിലവിൽ 53000 കോടി രൂപയാണ് വോഡഫോൺ-ഐഡിയ ഇന്ത്യൻ സർക്കാരിനു നൽകാനുള്ളത്. ഇത് നൽകിയാൽ കമ്പനി പാപ്പരാവുമെന്നാണ് റിപ്പോർട്ട്. വോഡഫോൺ-ഐഡിയ അടച്ചു പൂട്ടിയാൽ 30 കോടി വരിക്കാരും 30000 ജീവനക്കാരും പ്രതിസന്ധിയിലാവും.
കഴിഞ്ഞ 10 വർഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം ജിയോ തരംഗം കൂടി രാജ്യത്ത് ആഞ്ഞടിച്ചതോടെ കമ്പനിക്ക് നിൽക്കക്കള്ളി ഇല്ലാതാവുകയായിരുന്നു. പ്രതിസന്ധി മറികടക്കാൻ ഐഡിയയും വോഡഫോണും കൈകോർത്തെങ്കിലും അത് ഗുണം ചെയ്തില്ല.
കമ്പനി അടച്ചു പൂട്ടിയാൽ, അത് ഇന്ത്യൻ ടെലികോം മേഖലയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാക്കും. ടെലികോം മാർക്കറ്റിൽ ജിയോ, എയർടെൽ എന്നീ രണ്ട് കമ്പനികൾ മാത്രമേ വോഡഫോൺ-ഐഡിയ അടച്ചു പൂട്ടലിനു ശേഷം ഉണ്ടാവൂ. അത് വരിക്കാർക്ക് കടുത്ത നഷ്ടം ഉണ്ടാക്കും. മത്സരമില്ലാതായാൽ ടെലികോം സേവനങ്ങൾക്ക് ഉയർന്ന വില നൽകേണ്ട സാഹചര്യം ഉണ്ടാവും. ഇത് ഇന്ത്യയിലെ നിക്ഷേപ മേഖലക്കും സാമ്പത്തിക രംഗത്തിനും തിരിച്ചടി ആകും. ഇന്ത്യൻ ടെലികോം മേഖലയിൽ ഒരു രൂപയുടെ നിക്ഷേപം പോലും നടത്തില്ലെന്ന് വോഡഫോൺ യുകെ അറിയിച്ചു കഴിഞ്ഞു.
അതേ സമയം, വോഡഫോണിന് പണം തിരിച്ചടക്കാൻ സർക്കാർ കുറച്ചു കൂടി സമയം അനുവദിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ടെലികോം കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ അറിയാൻ സാധിച്ചേക്കും
2017ലാണ് വോഡഫോണും ഐഡിയയും ലയിച്ചത്. ആദിത്യാ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർലയാണ് പുതിയ വോഡഫോൺ – ഐഡിയകമ്പനിയുടെ ചെയർമാൻ.
Story Highlights: Vodafone-Idea may shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here