സിഎജി റിപ്പോര്‍ട്ട്; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

സിഎജി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. നിയമസഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം സംഘടിപ്പിക്കാനാണ് മുന്നണിയിലെ ആലോചന. ഈ മാസം 25 ന് ചേരുന്ന യുഡിഎഫ് ഏകോപനസമിതി യോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയനാനുളള സര്‍ക്കാര്‍ നീക്കത്തെ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കാനാണ് യുഡിഎഫിലെ ആലോചന. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കൂടുതല്‍ വിവാദങ്ങളുയര്‍ന്നിട്ടും സര്‍ക്കാര്‍ മൗനം തുടരുന്നത് ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തെളിവായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും.
നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയ്ക്കകത്തും വിഷയം സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് യുഡിഎഫ് തീരുമാനം. സിബിഐ അന്വേഷണമെന്ന ആവശ്യമുയര്‍ത്തി നിയമപരമായി നീങ്ങാനുളള സാധ്യതകളും നേതൃത്വം ആരായുന്നുണ്ട്. ഫെബ്രുവരി 25 ന് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. തദ്ദേശ വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുളള നീക്കത്തിനെതിരെയും കോടതിയെ സമീപിക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെയും നിയമപരമായി നേരിടണമെന്നതാണ് മുന്നണിക്കുള്ളിലെ അഭിപ്രായം. ഇക്കാര്യങ്ങളിലുള്‍പ്പെടെ മുന്നണിയോഗത്തില്‍ തീരുമാനമെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ്, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തും.
Story Highlights: CAG report, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here