വിരമിക്കാമെന്നു പറഞ്ഞിട്ട് വാക്ക് മാറ്റി; ക്യാപ്റ്റനായുള്ള മൊർതാസയുടെ അവസാന പരമ്പര മാർച്ചിലെന്ന് ബിസിബി പ്രസിഡന്റ്

ബംഗ്ലാദേശ് ക്യാപ്റ്റനായുള്ള മഷറഫെ മൊർതാസയുടെ അവസാന പരമ്പര വരുന്ന മാർച്ചിലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് നസ്മുൽ ഹസൻ. മാർച്ച് ഒന്നിന് സിംബാബ്‌വെക്കെതിരെ ആരംഭിക്കുന്ന ഹോം സീരീസാവും നായകനായുള്ള മൊർതാസയുടെ അവസാന പരമ്പര. 2023 ലോകകപ്പിനു മുന്നോടിയായി, ഒരു മാസത്തിനുള്ളിൽ പുതിയ ക്യാപ്റ്റനെ നിയമിക്കുമെന്നും നസ്മുൽ ഹസൻ പറഞ്ഞു.
“2019 ലോകകപ്പിനു ശേഷം വിരമിക്കാമെന്ന് മൊർതാസ പറഞ്ഞിരുന്നു. വിരമിക്കൽ മത്സരം ഉൾപ്പെടുത്തി ഒരു ഹോം സീരീസ് അദ്ദേഹത്തിനു നൽകാമെന്നും ധാരണയായിരുന്നു. എന്നാൽ ലോകകപ്പ് കഴിഞ്ഞ് അദ്ദേഹം തീരുമാനം മാറ്റി. ഇപ്പോൾ ഫിറ്റ്നസ് പരിഗണിക്കാതെ അദ്ദേഹം സിംബാബ്‌വെ പരമ്പരയിൽ ടീമിനെ നയിക്കും. തുടർന്നു വരുന്ന പരമ്പരകളിൽ ഫോമും ഫിറ്റ്നസും നോക്കിയേ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ.”- നസ്മുൽ ഹസൻ പറഞ്ഞു.
അതേ സമയം, വിരമിക്കൽ ഓരോ കളിക്കാരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു വിടവാങ്ങൽ മത്സരം വേണമെന്ന് മൊർതാസ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
36കാരനായ മൊർതാസ 2001ലാണ് ദേശീയ ടീമിൽ അരങ്ങേറുന്നത്. 2009ൽ ഉണ്ടായ പരുക്കിനു ശേഷം അദ്ദേഹത്തെ ബംഗ്ലാദേശ് സെലക്ടർമർ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 2017ൽ അദ്ദേഹം ടി-20യിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോൾ ഏകദിന മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. 217 ഏകദിനങ്ങളിൽ നിന്ന് 266 വിക്കറ്റുകളാണ് മൊർതാസക്ക് ഉള്ളത്. 54 ടി-20കളിൽ നിന്ന് 42 വിക്കറ്റുകളും 36 ടെസ്റ്റിൽ നിന്ന് 78 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്.
Story Highlights: Masharafe Mortaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here