Advertisement

വനിതാ ടി-20 ലോകകപ്പിന് ഇന്ന് തുടക്കം

February 21, 2020
1 minute Read

വനിതാ ടി-20 ലോകകപ്പിന് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കം. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉച്ചയ്ക്ക് 1.30 നാണ് മത്സരം. സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് മത്സരം നടക്കുക. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം.

യുവനിരയുമായാണ് ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുക. 16 കാരിയായ ഷഫാലി വര്‍മയും സ്മൃതി മന്ദനയും ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ 19 കാരി ജമീമ റോഡ്രിഗസ് ഇറങ്ങും. വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, തനിയ ഭാട്ടിയ തുടങ്ങി മികച്ച ബാറ്റര്‍മാരുടെ നിര തന്നെ ഇന്ത്യക്കുണ്ട്. വേദ കൃഷ്ണമൂര്‍ത്തിക്ക് പകരം ഹര്‍ലീന്‍ ഡിയോള്‍ ടീമിലെത്താനുള്ള സാധ്യത ഉണ്ടെങ്കിലും ഫീല്‍ഡിലെ സംഭാവനകള്‍ പരിഗണിച്ച് വേദക്ക് തന്നെ നറുക്ക് വീണേക്കും. 16കാരിയായ റിച്ച ഘോഷും ഇന്ത്യന്‍ ടീമിലുണ്ട്. എങ്കിലും ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ല.

യുവ പേസര്‍ ടയ്‌ല വ്‌ലാമിന്ക് പരുക്കേറ്റ് പുറത്തായത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാകും. അടുത്തിടെ കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയില്‍ ടയ്‌ല മികച്ച പ്രകടനം നടത്തിയിരുന്നു. ബെത്ത് മൂണി, അലിസ ഹീലി, ആഷ് ഗാര്‍ഡ്‌നര്‍, മെഗ് ലാനിംഗ്, എലിസ് പെറി, റേച്ചല്‍ ഹെയിന്‍സ് തുടങ്ങി എസ്‌ക്പീരിയന്‍സായ ടീമിനെയാണ് ഓസ്‌ട്രേലിയ രംഗത്തിറക്കിയിരിക്കുന്നത്. ഒപ്പം യുവ പേസര്‍ അന്നബെല്‍ സതര്‍ലന്‍ഡും ടീമിലുണ്ട്.
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടീമുകള്‍ പോരടിക്കുക.

ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം ബംഗ്ലാദേശും ഗ്രൂപ്പ് എയില്‍ അണിനിരക്കും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, തായ്‌ലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.

Story Highlights: women’s t20 world cup 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top