മൈസൂർ കല്ലട ബസ് അപകടം സംഭവിച്ചത് കാറിനെ രക്ഷപ്പെടുത്തുന്നതിനിടെ അല്ല; വെളിപ്പെടുത്തി യാത്രക്കാരി

കഴിഞ്ഞ ദിവസമുണ്ടായ അവിനാശി കെഎസ്ആർടിസി ബസ് അപകടത്തിൽ പൊലിഞ്ഞത് 19 ജീവനുകളാണ്. അതിന് തൊട്ടടുത്ത ദിവസം ഫെബ്രുവരി 21ന് മൈസൂര് മറ്റൊരു അപകടം നടന്നിരുന്നു. ഒരു പെൺകുട്ടി ഈ അപകടത്തിൽ മരിച്ചു. ഒരു കാറിനെ രക്ഷിക്കാൻ വേണ്ടി ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ അതല്ല കാരണമെന്ന് അപകട സമയത്ത് ബസിൽ യാത്ര ചെയ്തിരുന്ന അമൃത സാക്ഷ്യപ്പെടുത്തുന്നു.
ബംഗലൂരു-പെരിന്തൽമണ്ണ ബസ് മൈസൂർ ഹുൻസൂർ വച്ചാണ് അപകടത്തിൽപ്പെട്ടു. രാത്രി 1.30നായിരുന്നു അപകടം. കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് ഡ്രൈവറുടെ പിഴവ് മൂലം ഉണ്ടായ അപകടമാണിതെന്ന് അമൃത പറയുന്നു. രാത്രി 9.30നാണ് ബസ് ബംഗലൂരുവിൽ നിന്നെടുക്കുന്നത്. ബസ് യാത്ര തുടങ്ങുമ്പോൾ മുതൽ അമിത വേഗത്തിലാണ് വണ്ടി പോയത്. സ്ലീപ്പറായിരുന്നതുകൊണ്ട് തന്നെ ബസ് കുലുങ്ങി ഒരു ശരാശരി സ്ലീപ്പറിൽ കിടക്കുന്നത് പോലെ സുഖകരമായിരുന്നില്ല യാത്ര. യാത്രയ്ക്കിടെ ബസിന്റെ അമിത വേഗം കണ്ട് ഭയന്ന് പല യാത്രക്കാരും ഡ്രൈവറോട് വേഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്ന് അമൃത പറയുന്നു. എന്നാൽ തങ്ങൾ സ്ഥിരം പോകുന്ന വഴിയാണെന്ന് പറഞ്ഞ് ഡ്രൈവർ അവരെ മടക്കി അയക്കുകയായിരുന്നു.
Read Also : പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ആക്രകടയിൽ തീപിടുത്തം
യാത്രക്കാർ ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലട ബസിന് പെർമിറ്റില്ലാത്ത വഴിയിലൂടെയാണ് ബസ് പോയത്. റോഡ് രണ്ടായി തിരിയുന്ന സമയത്ത് ഡ്രൈവർ പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. ബസ് ഒരു പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ് ബസ് തലകുത്തി കിടക്കുകയായിരുന്നു.
ബസിൽ എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നതുകൊണ്ട് തന്നെ അപകടമുണ്ടായപ്പോൾ യാത്രക്കാരെല്ലാം അങ്ങോടുമിങ്ങോടും വന്ന് വീണ് പലരുടേയും തല അടിച്ചുകൊണ്ടു. ആളുകൾ ചേർന്ന് പുറത്തെടുക്കുമ്പോൾ കാലില്ലാതെ കിടക്കുന്ന ക്ലീനർ, കൈയ്യില്ലാതെ, വിരലില്ലാതെ തുടങ്ങി അംഗഭംഗങ്ങൾ സംഭവിച്ച രീതിയിൽ കിടക്കുന്ന മറ്റ് സഹയാത്രികരെയാണ് അമൃത കാണുന്നത്. പെർമിറ്റില്ലാത്ത വഴിയിലൂടെ എന്തിന് ബസ് സഞ്ചരിച്ചുവെന്നാണ് പൊലീസ് അടക്കം ചോദിച്ചത്.
മരിച്ച പെൺകുട്ടി തന്റെ തൊട്ടടുത്തിരുന്ന കുട്ടിയാണെന്ന് ഫേസ്ബുക്ക് വീഡിയോയിൽ അമൃത പറയുന്നു. കുട്ടി മലയാളിയാണെന്ന വാർത്തയും അമൃത തള്ളി.
അപകട ശേഷം തങ്ങളെ നാട്ടിലെത്തിച്ച ബസും അമിത വേഗത്തിൽ തന്നെയാണ് സഞ്ചരിച്ചിരുന്നതെന്ന് അമൃത പറയുന്നു. കല്ലട ബസ് അപകടത്തിന് പിന്നിലെ സത്യം ജനം അറിയണമെന്ന ഉദ്ദേശത്തോടെയാണ് വീഡിയോ ചെയ്തതെന്നും അമൃത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here