തിരുവനന്തപുരത്തുണ്ട് വിശന്നെത്തുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്നൊരിടം

വർഷം മുഴുവൻ ഉച്ചഭക്ഷണം സൗജന്യമായി നൽകുന്ന ഒരിടമുണ്ട് തിരുവനന്തപുരത്ത്. വിശന്ന് എത്തുന്ന ആർക്കും ഒരു നേരത്തെ ആഹാരം ഇവിടെ ലഭ്യം. വൃദ്ധനായ ഗണേശനാണ് സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം വിശക്കുന്നവന് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. ആറ്റുകാലമ്മയുടെ തികഞ്ഞ ഭക്തനാണ് ഗണേശൻ. നാല് വർഷം മുമ്പാണ് അന്നദാനം ആരംഭിച്ചത്. ചെറിയ കടമുറിയാണ് അന്നദാനപ്പുരയാക്കി മാറ്റിയിരിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞാലുടൻ കൃത്യം 12.25ന് ഗണേശേട്ടന്റെ കടയിൽ അന്നദാനം ആരംഭിക്കും.
Read Also: സമൂഹ വിവാഹത്തിൽ മെഡിക്കൽ മാസ്‌ക് ധരിച്ച് ചുംബിച്ച് 220 നവ വധൂവരന്മാർ
നല്ല ചൂട് കഞ്ഞിയും പുഴുക്കുമാണ് ഭക്ഷണം. ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം ഗണേശേട്ടൻ ഒറ്റയ്ക്ക് തന്നെ. നിരവധി പേരാണ് ദിവസവും ഭക്ഷണം കഴിക്കാനായി ഇവിടേക്ക് എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് ഗണേശേട്ടന്റെ കുടുംബം. പാരമ്പര്യമായി കിട്ടിയ സ്വത്ത് പട്ടിണി മാത്രം. ബാല്യകാലത്ത് താൻ അനുഭവിച്ച പട്ടിണിയാണ് ഇന്ന് മറ്റുള്ളവരുടെ വിശപ്പ് അകറ്റാൻ ഈ വൃദ്ധനെ പ്രേരിപ്പിക്കുന്നത്.
വിശപ്പെന്തെന്ന് അറിഞ്ഞവനാണ് താൻ. ഒരു നേരം ആഹാരത്തിന് വേണ്ടി കഷ്ടപ്പെട്ടു. മരണം വരെ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരണമെന്ന് താത്പര്യമുണ്ട്. ദേവി എന്ത് വിചാരിക്കുന്നുവോ അതേ നടക്കൂവെന്നും ഗണേശൻ. കടമുറി ഒന്നുകൂടി വിശാലമാക്കി കൂടുതൽ പേർക്ക് ഭക്ഷണം നൽകാൻ ഗണേശന് ആഗ്രഹമുണ്ട്. കത്തുന്ന വയറിന്റെ കാളൽ അണയ്ക്കാൻ, വിശന്നവനെ തല്ലിക്കൊന്ന അതേ മണ്ണിൽ തന്റെ അധ്വാനത്തിന്റെ വില മുഴുവൻ മാറ്റിവയ്ക്കുകയാണ് ഈ വൃദ്ധൻ.
trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here