Advertisement

കോതമംഗലം പള്ളി കേസ്; ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിയുണ്ടായെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാർ

February 25, 2020
2 minutes Read

കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹൈക്കോടതി ജഡ്ജി. പള്ളി കേസിൽ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് കത്തിലൂടെ ഭീഷണിയുണ്ടായെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാനാകാത്ത അവസ്ഥ സംസ്ഥാനത്തിന് നാണക്കേടാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, വിധി നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടയ്ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി.

കോതമംഗലം പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവിൽ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ കളക്ടറോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കളക്ടർ നേരിട്ടെത്താത്തതിൽ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഒടുവിൽ എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് 11.45 ഓടെ നേരിട്ടെത്തി.

കോടതി ഉത്തരവ് നടപ്പാക്കാനാകാത്ത അവസ്ഥ സംസ്ഥാനത്തിന് നാണക്കേടാണെന്ന് കോടതി വിമർശിച്ചു. കളക്ടറുടെ ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടത്. ആവശ്യത്തിന് സമയം തന്നിട്ടും ഉത്തരവ് നടപ്പാക്കാത്ത ജില്ലാ കളക്ടർ കോടതിയ അപമാനിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. ഉത്തരവ് പല പള്ളികളിലും നടപ്പാക്കേണ്ടതുണ്ടെന്നും അതിനാൽ രണ്ട് മാസം കൂടി സാവകാശം വേണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ ജില്ലാ കളക്ടറെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കേസിന്റെ വാദത്തിനിടെയാണ് തനിക്ക് കത്തിലൂടെ വധഭീഷണി ഉണ്ടായെന്ന കാര്യം ജസ്റ്റിസ് സുരേഷ് കുമാർ വെളിപെടുത്തിയത്. ജീവനോടെ കത്തിക്കുമെന്ന് കത്തിലൂടെ ഭീഷണി മുഴക്കിയെന്ന് ജഡ്ജി പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ പള്ളി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി കളക്ടർക്ക് നിർദേശം നൽകി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Story Highlights: Kothamangalam church case death threat against justice pb suresh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top