സംസ്ഥാനത്ത് വ്യാജ സിഗരറ്റുകൾ വ്യാപകം; വിൽപന യുവാക്കളെ ലക്ഷ്യമിട്ട്

സംസ്ഥാനത്ത് രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റുകൾ സുലഭം. പ്രമുഖ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് വിൽക്കുന്നത്. ഒരു രൂപ പോലും നികുതി നൽകാതെയും നിയമാനുസൃതമായ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയുമാണ് ഇവ കച്ചവടം ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് വിവിധ ഫ്‌ളേവറുകളിൽ ഉള്ള ഇത്തരം സിഗരറ്റുകൾ സംസ്ഥാനത്ത് എത്തുന്നത്.
യുവാക്കളെയും, സ്‌കൂൾ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് വ്യാജ സിഗരറ്റുകൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണ് വിൽപന. മുന്തിരിയുടെയും ആപ്പിളിന്റെയും ഏലക്കായുടെയുമെല്ലാം രുചിയും മണവുമുള്ള വ്യാജ സിഗരറ്റുകൾക്കാണ് ഡിമാന്റ്. വലിച്ചാൽ പുകയില ഗന്ധം ഉണ്ടാകില്ല എന്നതാണ് യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകർഷിക്കാനുള്ള കാരണം.
രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ കേരളത്തിലെത്തുന്ന സിഗരറ്റുകളിൽ ഭൂരിഭാഗവും ശ്രീലങ്കയിലാണ് നിർമിക്കുന്നതെന്നാണ് വിവരം. ഇതിന് പുറമെ പുതുതായി കേരളത്തിലും ഇത്തരം സിഗരറ്റുകൾ നിർമിക്കുന്ന കേന്ദ്രങ്ങൾ ഉള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സിഗരറ്റ് പായ്ക്കറ്റിന്റെ 85% ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് പതിക്കണമെന്നാണു നിയമം. സിഗരറ്റുകളിൽ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് 2 മാസമാണ്. എന്നാൽ വ്യാജ സിഗരറ്റിൽ വിലയോ നിർമാണ തീയതിയോ നിർമിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകാറില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here