മറുപടി തൃപ്തികരമല്ല; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇബ്രാംഹിംകുഞ്ഞിന് നോട്ടീസ് നൽകി. ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹനീഷിനെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകുമെന്നും സൂചനയുണ്ട്.
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ്ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. ഗവർണറുടെ അനുമതി പ്രകാരം ഈ മാസം 15ന് തിരുവനന്തപുരത്തെഓഫീസിൽ വെച്ച് ഇബ്രാംഹിംകുഞ്ഞിനെവിജിലൻസ് ചോദ്യം ചെയ്തിരുന്നു.മൂന്ന് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ നൽകിയ മറുപടികൾ തൃപ്തികരമല്ലാത്തതിനാലാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മൊഴി.
ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നാണ് ഇബ്രാഹിംകുഞ്ഞ് വിജിലൻസിനോട് പറഞ്ഞത്. ഈ മൊഴിയിലെ വസ്തുതകൾ പരിശോധിച്ച ശേഷമാണ്വീണ്ടും ചോദ്യംചെയ്യലിലേക്ക് വിജിലൻസ് കടക്കുക. ആദ്യ ചോദ്യംചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തി വിജിലൻസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ വാദങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്.
പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിനായി ആർഡിഎക്‌സ് കമ്പനിക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയതിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. കമ്പനി എംഡി സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് എന്നിവർ മുൻ മന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു. ഇബ്രാഹിംകുഞ്ഞിന് പിന്നാലെ റോഡ്‌സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here