സ്ഥലംമാറ്റ വിവാദം; പ്രതികരിക്കാതെ ജസ്റ്റിസ് എസ് മുരളീധരൻ

സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരിക്കാതെ ജസ്റ്റിസ് എസ് മുരളീധർ. രാവിലെ ഒരു കേസിൽ വിധി പറയാൻ മാത്രം സിറ്റിംഗ് നടത്തിയ ജസ്റ്റിസ് എസ് മുരളീധർ, ഡൽഹി ഹൈക്കോടതിയിലെ തന്റെ അവസാന ജുഡീഷ്യൽ പ്രവൃത്തിയാണെന്ന് വ്യക്തമാക്കി. സ്ഥലംമാറ്റ വിവാദത്തിൽ പരാമർശങ്ങൾ ഒഴിവാക്കിയായിരുന്നു പ്രതികരണം.
ജസ്റ്റിസ് മുരളീധർ പ്രചോദനമാണെന്ന് അഭിഭാഷകർ പറഞ്ഞു. ഇന്നലെ കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂർ, ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ, അഭയ് വർമ എന്നിവരുടെ വിദ്വേഷ പ്രസംഗത്തിൽ ഡൽഹി പൊലീസിന്റെ നിലപാട് ആരാഞ്ഞ് മണിക്കൂറുകൾക്കകമാണ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. കർണാടക ഹൈക്കോടതി ജഡ്ജി രവി വിജയകുമാർ മാലിമത്ത്, ബോംബെ ഹൈക്കോടതിയിലെ രഞ്ജിത് വസന്ത് റാവു എന്നിവരെയും സ്ഥലംമാറ്റി. മുരളീധറിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റം. ഈ മാസം പന്ത്രണ്ടിന് സ്ഥലംമാറ്റം സുപ്രിംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. നേരത്തെ രണ്ടുതവണ മുരളീധറിന്റെ സ്ഥലംമാറ്റം കൊളീജിയത്തിന് മുന്നിലെത്തിയിരുന്നുവെന്നും എന്നാൽ ഭൂരിപക്ഷം ജഡ്ജിമാരുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് രണ്ടേകാലിന് പരിഗണിക്കും.
Story Highlights: S Muralidhar, Delhi high court, transfer controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here