Advertisement

വനിതാ ടി-20 ലോകകപ്പ്: ആവേശപ്പോരിൽ നാല് റൺസ് ജയം; ഇന്ത്യ സെമി ഫൈനലിൽ

February 27, 2020
2 minutes Read

വനിതാ ടി-20 ലോകകപ്പിൽ ന്യുസീലൻ്റിനെതിരെ ഇന്ത്യക്ക് ആവേശ ജയം. നാലു റൺസിനാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 134 റൺസ് പിന്തുടർന്നിറങ്ങിയ ന്യുസീലൻ്റിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 34 റൺസെടുത്ത അമേലിയ കെർ ആണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യ ന്യുസീലൻ്റിനെ പിടിച്ചുകെട്ടുന്ന കാഴ്ചയാണ് കണ്ടത്. ആക്രമിച്ച് തുടങ്ങിയ റേച്ചൽ പ്രീസ്റ്റിനെ രണ്ടാം ഓവറിൽ ശിഖ പാണ്ഡെ രാധ യാദവിൻ്റെ കൈകളിൽ എത്തിച്ചു. 9 പന്തുകളിൽ 12 റൺസ് എടുത്താണ് പ്രീസ്റ്റ് മടങ്ങിയത്. പ്രീസ്റ്റ് മടങ്ങിയതിനു ന്യുസീലൻ്റിൻ്റെ സ്കോറിംഗ് റേറ്റ് താഴ്ന്നു. മനോഹരമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ന്യുസീലൻ്റിനെ വരിഞ്ഞുമുറുക്കി. ആറാം ഓവറിൽ 6 റൺസെടുത്ത സൂസി ബേറ്റ്സ് ദീപ്തി ശർമ്മയുടെ പന്തിൽ ക്ലീൻ ബൗൾഡായി.

ഒൻപതാം ഓവറിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ക്യാപ്റ്റൻ സോഫി ഡിവൈൻ പൂനം യാദവിൻ്റെ ഇരയായി മടങ്ങി. 14 റൺസെടുത്ത ഡിവൈനെ രാധ യാദവ് പിടികൂടുകയായിരുന്നു. തുടർച്ചയായ ആറ് ടി-20 അർധസെഞ്ചുറികളുമായി എത്തിയ ഡിവൈൻ പുറത്തായത് കിവീസിന് കനത്ത തിരിച്ചടിയായി. നാലാം വിക്കറ്റിൽ മാഡി ഗ്രീനും കേറ്റി മാർട്ടിനും ചേർന്ന് 43 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ന്യുസീലൻ്റിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 15ആം ഓവറിൽ മാഡി ഗ്രീൻ പുറത്തായി. 24 റൺസെടുത്ത ഗ്രീൻ, രാജേശ്വരി ഗെയ്ക്‌വാദിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. 17ആം ഓവറിൽ കേറ്റി മാർട്ടിനും മടങ്ങി. 25 റൺസെടുത്ത മാർട്ടിനെ രാധ യാദവ് ജമീമ റോഡ്രിഗസിൻ്റെ കൈകളിൽ എത്തിച്ചു.

ആറാം വിക്കറ്റിൽ അമേലിയ കെറും ഹെയ്‌ലി ജെൻസണും ചേർന്ന കൂട്ടുകെട്ട് വീണ്ടും ന്യുസീലൻ്റിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കെർ ന്യുസീലൻ്റിനു വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും ഉജ്ജ്വലമായി അവസാന ഓവർ പന്തെറിഞ്ഞ ശിഖ പാണ്ഡെ ഇന്ത്യക്ക് വിജയവും സെമിഫൈനൽ ബെർത്തും നേടിക്കൊടുക്കുകയായിരുന്നു. കെർ 19 പന്തുകളിൽ ആറ് ബൗണ്ടറികൾ അടക്കം 34 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹെയ്‌ലി ജെൻസൺ (11) അവസാന പന്തിൽ റണ്ണൗട്ടായി.

ടൂർണമെൻ്റിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ജയത്തോടെ സെമിഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ കരസ്ഥമാക്കി.

Story Highlights: womens t-20 world cup india won against newzealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top