കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം തടയാന്‍ ആധുനിക സംവിധാനം പരീക്ഷിക്കും: ഗതാഗത മന്ത്രി

കണ്ടെയ്‌നര്‍ ലോറികളിലെ ലഹരി ഉപയോഗം തടയാന്‍ ആധുനിക യന്ത്രങ്ങളുടെ സാധ്യത പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഇത്തരം ലഹരി ഉപയോഗം കണ്ട് പിടിക്കാന്‍ ഗുജറാത്തില്‍ ആധുനിക സംവിധാനം പരീക്ഷിക്കുന്നുണ്ട്. സമാനമായ രീതി കേരളവും പരീക്ഷിക്കും. പൊലീസ് അതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ഗതാഗത മന്ത്രി പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന്റെ ശുഭയാത്ര പരമ്പയുടെ ഭാഗമായാണ് ഗതാഗതമന്ത്രിയുടെ ഇടപെടല്‍.
രാത്രികാലങ്ങളിലെ കണ്ടെയ്‌നര്‍ ലേറികളിലെ ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ പുറത്ത് വിട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഗതാഗത മന്ത്രി വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. കണ്ടെയ്‌നര്‍ ലോറികളിലെ ലഹരി ഉപയോഗം തടയാന്‍ ആധുനിക യന്ത്രങ്ങളുടെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
പുതിയ ലഹരി ഉപയോഗം കണ്ട് പിടിക്കാന്‍ കഴിയില്ലാ എന്ന ഡ്രൈവര്‍മാരുടെ വെളിപ്പെടുത്തല്‍ ഒരു പരിധി വരെ ശരിയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ആ പ്രതിസന്ധി എങ്ങനെ മറികടക്കാന്‍ സാധിക്കും എന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
എക്‌സൈസ് കമ്മീഷണര്‍, ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകള്‍ അടുത്ത ദിവസം ഉന്നതതല യോഗം ചേര്‍ന്ന് കണ്ടെയ്‌നര്‍ ലോറികള്‍ക്ക് മാര്‍ഗരേഖ തയാറാക്കും. അതേസമയം, അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ട്വന്റിഫോര്‍ വാര്‍ത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Story Highlights: Shubhayathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here