വീണ്ടും നൃത്തം ചെയ്ത് ജമീമ; ഒപ്പം കൂടി ഹർലീനും കുട്ടികളും: വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരിയോടൊപ്പം നൃത്തം ചെയ്യുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിൻ്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ജമീമ നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പറ്റം കുട്ടികൾക്കൊപ്പമാണ് ജമീമയുടെ നൃത്തം. ജമീമക്കൊപ്പം സഹതാരം ഹർലീൻ ഡിയോളും നൃത്തം ചെയ്യുന്നുണ്ട്. കൂട്ട നൃത്തത്തിൻ്റെ വീഡിയോ ഐസിസി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയിൽ ഓസ്‌ട്രേലിയക്കാരായ കുട്ടികളെ ബോളിവുഡ് ഡാന്‍സ് പഠിപ്പിക്കുകയാണ് ജമീമ. സ്റ്റെപ്പുകൾ കുട്ടികൾക്കും ഹർലീനും കാണിച്ചു കൊടുക്കുന്ന ജമീമയെയാണ് കാണുന്നത്. കാര്‍ത്തിക് ആര്യന്‍ നായകനായ ലൗവ് ആജ് കല്‍ 2-വിലെ ‘ഹാം മേം ഗലത്’ എന്ന പാട്ടിന് അനുസരിച്ചാണ് 19കാരിയായ ജമീമ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥക്കൊപ്പമുള്ള ഡാൻസും ഈ പാട്ടിനനുസരിച്ചായിരുന്നു. ഈ വീഡിയോ കാർത്തിക് ആര്യൻ ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ ശ്രീലങ്കക്കെതിരായ വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ അനായാസ ജയം കുറിച്ചിരുന്നു. 7 വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ശ്രീലങ്ക മുന്നോട്ടു വെച്ച 114 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 47 റൺസെടുത്ത ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമിഫൈനലിലെത്തിയിരുന്നു.
Story Highlights: Jemimah Rodrigues and harleen deol dansing with kids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here