കേരള പ്രീമിയർ ലീഗ്: കലാശപ്പോരിൽ ഗോകുലവും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും

കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഇരു ക്ലബുകളുടെയും റിസർവ് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക. സാറ്റിനെ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഗോകുലം ആവട്ടെ കേരള പൊലീസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപിച്ച് കലാശപ്പോരിന് യോഗ്യത നേടി.
കളിയുടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെയാണ് സാറ്റ്-കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് സാറ്റിനെ ബ്ലാസ്റ്റേഴ്സ് തറപറ്റിച്ചത്.
ടൂർണമെൻ്റിലുടനീളം കാത്തുസൂക്ഷിച്ച അപ്രമാദിത്വം കേരള പൊലീസിനെതിരായ സെമിയിലും ഗോകുലം കൈവിട്ടില്ല. 9-ാം മിനിറ്റിൽ ഡാനിയേൽ ബിജെയിലൂടെ സ്കോറിംഗ് ആരംഭിച്ച ഗോകുലം, 21-ാം മിനിറ്റിൽ നിംഷാദിലൂടെ ലീഡ് ഉയർത്തി. മൂന്ന് മിനിറ്റുകൾക്കുള്ളിൽ രണ്ടാം തവണയും നിംഷാദ് കേരള പൊലീസിൻ്റെ വല തുളച്ചു. 33-ാം മിനിറ്റിൽ ലാൽമുവൻസോവയാണ് ഗോകുലത്തിൻ്റെ നാലാം ഗോൾ നേടിയത്.
ടൂർണമെൻ്റിൽ മുൻപ് രണ്ടു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ആദ്യത്തെ മത്സരത്തിൽ ഗോകുലം ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരം സമനിലയായി.
ഫൈനൽ മത്സരം മാർച്ച് ഏഴിനാണ് നടക്കുക. വൈകിട്ട് ആറ് മണിക്ക് ഗോകുലത്തിന്റെ തട്ടകമായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.
Story Highlights: Kerala premier league gokulam kerala vs kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here