വിളമ്പുന്നത് ‘ഗോമൂത്രവും ചാണക കേക്കും’; കൊറോണയെ തടയാൻ സത്കാരം സംഘടിപ്പിക്കാൻ ഹിന്ദുമഹാസഭ

കൊറോണയെ തടയാൻ ‘ഗോമൂത്ര’ സത്കാരം സംഘടിപ്പിക്കാൻ ഹിന്ദുമഹാസഭ. രാജ്യത്ത് ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
ടീ പാർട്ടി നടത്തുന്നതു പോലെ ഗോമൂത്ര പാർട്ടി നടത്താൻ തീരുമാനിച്ചതായി ചക്രപാണി പറഞ്ഞു. പശു തരുന്ന ഉത്പന്നങ്ങൾ കൊറോണയെ എങ്ങനെ പ്രതിരോധിക്കുമെന്ന് സത്കാരത്തിനെത്തുന്നവരെ ബോധ്യപ്പെടുത്തും. ഇതിനായി ഗോമൂത്ര കൗണ്ടറുകൾ ഉണ്ടാകുമെന്നും ചക്രപാണി പറഞ്ഞു. ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗർബത്തികളും ഇവിടെ വിതരണം ചെയ്യും. ഇത് ഉപയോഗിക്കുന്നതിലൂടെ കൊറോണ വൈറസ് ഇല്ലാതാകും. ജനങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ചക്രപാണി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ചക്രപാണി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് ആദ്യ സത്കാരം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം പാർട്ടികൾ നടത്തും. കൊറോണയെ തുടച്ചു നീക്കുന്നതിനുള്ള ദൗത്യത്തിൽ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നു. ഇതൊരു പുതിയ കാൽവയ്പായിരിക്കുമെന്നും ചക്രപാണി വ്യക്തമാക്കി. ചക്രപാണിയുടെ പ്രസ്താവന പരിഹാസത്തിനിടയാക്കിയിട്ടുണ്ട്.
Read also: കൊറോണയ്ക്ക് ഏറ്റവും നല്ല ഔഷധം ചാണകമെന്ന് ബിജെപി എംഎൽഎ
കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമാണെന്ന് പറഞ്ഞ് ബിജെപി അസമിൽ നിന്നുള്ള ബിജെപി എംഎൽഎ സുമൻ ഹരിപ്രിയ നേരത്തേ രംഗത്തെത്തിയിരുന്നു. ചാണകം കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ടെന്നായിരുന്നു സുമന്റെ വാദം. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകത്തിനാകും. ഗോമൂത്രത്തിനും വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നും സുമൻ പറഞ്ഞിരുന്നു.
story highlights- Chakrapani Maharaj, Hindu Mahasabha, gaumutra party, corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here