സനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രളയനഷ്ടപരിഹാരം ലഭിക്കാത്തത് തന്നെയെന്ന് ഭാര്യ സജിനി

പ്രളയനഷ്ടപരിഹാരം ലഭിക്കാത്തത് തന്നെയായിരുന്നു സനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ സജിനി ട്വന്റി ഫോറിനോട്. വീടിന്റെ ശോചനീയാവസ്ഥയിൽ സനിൽ ഏറെ ദുഖിതനായിരുന്നെന്നും വീട് പാസായ കാര്യം സനിലിനെ അറിയിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് ഉപരോധിച്ചു.
എന്നാൽ, സനിലിന് വീട് പാസായ കാര്യം അറിയിച്ചിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കി. സാമ്പത്തിക പ്രശ്നങ്ങളാതെ സനിലിന് മറ്റ് അസ്വസ്ഥതകൾ ഒന്നും തന്നെ ഇല്ലായിരുന്നു. സർക്കാർ ഓഫീസുകൾ നിരന്തരം കയറി ഇറങ്ങേണ്ടി വരുന്നതിൽ ഏറെ ദുഖിതനായിരുന്നു.വീടിന്റെ അവസ്ഥ ഓരോ ദിവസവും കൂടുതൽ മോശമായി വരുന്നതോടെ സനിൽ അസ്വസ്ഥനായി. വീട് പാസായ കാര്യം സനിലിനെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ സനിൽ ആത്മഹത്യ ചെയ്യില്ലായിരുന്നെന്നും ഭാര്യ സഹോദരൻ മോഹനനും പറഞ്ഞു. സനിലിന് വീട് പാസായ കാര്യം അറിയിച്ചിരുന്നെന്നും സനിലിനെ രക്തസാക്ഷിയാക്കി കോൺഗ്രസും മുസ്ലീം ലീഗും രാഷ്ട്രീയം കളിക്കുകയാണെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഇതോടെ തടസപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here