മധ്യപ്രദേശിൽ ‘ഓപ്പറേഷൻ കമല’? എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ

മധ്യപ്രദേശിൽ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തിയതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി. നാല് കോൺഗ്രസ് എംഎൽഎമാരും നാല് സ്വതന്ത്രരുമാണ് റിസോർട്ടിൽ എത്തിയത്.
ഐടിസി മനേസർ ഹോട്ടലിലെത്തിയ എംഎൽഎമാർ ഡൽഹിയിലേക്ക് മാറും എന്നാണ് വിവരം. എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. നരോട്ടം മിശ്രയുടെ നേതൃത്വത്തിലാണ് ബിജെപി കരുനീക്കങ്ങൾ. എന്നാൽ എംഎൽഎമാരെ ഗുഡ്ഗാവിൽ തടഞ്ഞ് വച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാൻ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി തരുൺ ഭഹ്നോട് പറഞ്ഞു.
ഇതിനിടെ ബിഎസ്പിയിൽ നിന്ന് പുറത്താക്കിയ എംഎൽഎ രമാബായിയെ കോൺഗ്രസ് നേതാക്കൾ റിസോർട്ടിൽ നിന്ന് കൊണ്ടുപോയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്നും 25 മുതൽ 35 കോടി രൂപവരെയാണ് അവർക്ക് വിലയിട്ടിരിക്കുന്നതെന്നും രണ്ട് ദിവസം മുമ്പാണ് ദിഗ് വിജയ് സിംഗ് പറഞ്ഞത്. 230 അംഗ സഭയിൽ കോൺഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎൽഎയും നാല് സ്വതന്ത്രരും കോൺഗ്രസിനാണ് പിന്തുണ നൽകിയിരുന്നത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വർഷം ക്രിമിനൽ നിയമം ഭേദഗതി ചെയ്തുകൊണ്ട് മധ്യപ്രദേശ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here