സെൻകുമാർ സ്ഥാനാർത്ഥിയാകും എന്ന് സുഭാഷ് വാസു; പിന്നീട് നിർദേശം എന്ന് തിരുത്തി

സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ആശയകുഴപ്പത്തിലായി സുഭാഷ് വാസു. കുട്ടനാട്ടിൽ മുൻ ഡിജിപി ടി പി സെൻകുമാർ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച സുഭാഷ് വാസു പിന്നീട് പ്രഖ്യാപനമല്ല നിർദേശം മാത്രമാണെന്ന് തിരുത്തി. ഒപ്പം സെൻകുമാർ കുട്ടനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരിക്കുമെന്നും ഏത് മുന്നണിക്ക് വേണമെങ്കിലും അദ്ദേഹത്തെ പിന്തുണക്കാമെന്നും സുഭാഷ് വാസു അറിയിച്ചു. ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ആശയകുഴപ്പത്തിൽ വലഞ്ഞ പ്രഖ്യാപനങ്ങളും നിർദേശങ്ങളും ഉയർന്നത്.
സുഭാഷ് വാസു വാർത്താ സമ്മേളനത്തിൽ ആദ്യം പറഞ്ഞത് സെൻകുമാർ സ്ഥാനാർത്ഥിയാകുമെന്നാണ്. എൻഡിഎയിലെ ഘടക കക്ഷി എന്നവകാശപ്പെടുമ്പോൾ, മുന്നണിയുമായി ആലോചിക്കാതെ എങ്ങനെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായി എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യം ഉയർന്നതോടെ സുഭാഷ് വാസു മലക്കം മറിഞ്ഞു. പ്രഖ്യാപനമല്ല തങ്ങളുടെ നിർദേശം മാത്രമാണെന്നും, സെൻകുമാർ സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുകയെന്നും സുഭാഷ് വാസു പറഞ്ഞു. സെൻകുമാറിന്റെ സ്ഥാനാർത്ഥിത്വം തങ്ങളുടെ ആഗ്രഹമാണെന്നും സുഭാഷ് വാസു. ഒരു ഘട്ടത്തിൽ സെൻകുമാർ ഈ സ്ഥാനാർത്ഥിത്വ വിഷയം അറിഞ്ഞിട്ടില്ലെന്ന് വരെ പറഞ്ഞതോടെ ആശയക്കുഴപ്പം പൂർണമായി. അതേസമയം, കുട്ടനാട്ടിൽ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി വിഭാഗം മത്സരിച്ചാൽ തോൽപിക്കുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.
subhash vasu, t p sen kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here