കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; എസ്മ നിയമ പ്രകാരം കേസെടുത്തു

ജനജീവിതം സ്തംഭിപ്പിച്ച കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെഎസ്മ നിയമ പ്രകാരം കേസെടുത്തതായി സർക്കാർ നിയമസഭയിൽ. സമരക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ആറു മണിക്കൂർ നഗരം സ്തംഭിച്ചപ്പോൾ ഭരണസംവിധാനങ്ങൾ നോക്കുകുത്തിയായെന്നും മുഖ്യമന്ത്രിയും സർക്കാരുമാണ് ഇതിന് ഉത്തരവാദികളെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയാൻ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തയ്യാറാകാത്തതിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
സർക്കാരിന്റെ മൂക്കിനു താഴെ നടന്ന സംഭവത്തിൽ ഇടപെടാത്ത നടപടി ഭരണ സ്തംഭനത്തിനു തെളിവാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ നോട്ടിസിന് മറുപടി നൽകിയത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. ഇതിനു കടകം പള്ളി നൽകിയ പ്രതികരണം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി.
സഭാതലം പ്രക്ഷുബ്ധമായതോടെ സ്പീക്കർ ഇടപെട്ടു. സാമാജികർക്കെല്ലാം ഒരേ അവകാശമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. എം വിൻസെന്റിനെ താൻ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി മറുപടി നൽകി. എന്നാൽ പിൻനിരക്കാരൻ എന്നുള്ള മന്ത്രിയുടെ പരാമർശം വീണ്ടും ബഹളത്തിന് ഇടയാക്കി. നഗരം നിശ്ചലമായപ്പോൾ നിഷ്ക്രിയനായി നിന്ന കളക്ടറെ അന്വേഷണം ഏല്പിച്ചതിനെതിരെയും പ്രതിപക്ഷം രംഗത്തുവന്നു
മിന്നൽ പണിമുടക്കിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.
Story Highlights: KSRTC strike update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here