Advertisement

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ പക്ഷവും തമ്മിലുള്ള ലയനം ഇന്ന്

March 7, 2020
1 minute Read

കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ പക്ഷവും തമ്മിലുള്ള ലയനം ഇന്ന്. കൊച്ചി രാജേന്ദ്ര മൈതാനിയില്‍ വൈകിട്ടാണ് ലയനസമ്മേളനം. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.

വളരും തോറും പിളരും, പിളരും തോറും വളരും. കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ട അറുപതുകള്‍ മുതല്‍ സംസ്ഥാനത്ത് മുഴങ്ങിക്കേട്ട വാക്കുകളാണിത്. അതിന്റെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ നീക്കമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ പിളര്‍പ്പും ജോസഫ് വിഭാഗവുമായുള്ള ലയനവും. പി ജെ ജോസഫുമായി ലയിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ജേക്കബ് വിഭാഗത്തെരണ്ടാക്കിയത്.

ആദ്യം ലയനത്തെ പരസ്യമായി എതിര്‍ത്ത ജോണി നെല്ലൂര്‍ പി ജെ ജോസഫിനൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് വിരോധാഭാസം. എട്ടു ജില്ലാ പ്രസിഡന്റുമാര്‍ അടക്കം ഭൂരിപക്ഷം പ്രവര്‍ത്തകരും ലയനസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ജോണി നെല്ലൂരിന്റെ അവകാശവാദം. ജോണി നെല്ലൂരിന് വൈസ് ചെയര്‍മാന്‍ പദവി വാഗ്ദാനമുണ്ടെങ്കിലും കൂടെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍, ആറ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ എന്നിവയാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ആവശ്യം.

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലായതിനാല്‍ പദവികള്‍ സംബന്ധിച്ച് ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളും ജോണി നെല്ലൂര്‍ വിഭാഗത്തിന് നല്‍കിയേക്കും.

ഇന്ന് വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ലയനസമ്മേളനം ജോണി നെല്ലൂരിനെയും ജോസഫ് പക്ഷത്തെയും സംബന്ധിച്ച് ശക്തി പ്രകടനം കൂടിയാണ്. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം. ഇതില്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമുള്ളവരായി ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോള്‍ ലയനത്തെ തള്ളിയെങ്കിലും വൈകാതെ അനൂപ് ജേക്കബും എത്തുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രതീക്ഷ.

Story Highlights: kerala congress,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top