സിഎഎ പ്രക്ഷോഭം: പ്രതികളുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ കേസ്

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും പേരുവിവരങ്ങളും പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ കേസ്. അലഹബാദ് കോടതി സ്വമേധയായാണ് കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂരിന്റേതാണ് നടപടി.
പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്ര്യവും കയ്യേറുന്ന നടപടിയാണിതെന്ന് കോടതി നിരീക്ഷിച്ചു. വാദം ആരംഭിക്കുന്നതിന് മുൻപ് തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ അഭിഭാഷകൻ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. അവധി ദിവസമായ ഞായറാഴ്ചയാണ് കോടതി വിഷയം പരിഗണിച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുകയും നഷ്ടം നികത്തുന്നതിനായി പിഴയീടാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ ചിത്രങ്ങളും പേരുവിവരങ്ങളും ലഖ്‌നൗ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്നും പിഴ നൽകാത്തവരുടെ വസ്തുവകകൾ കണ്ടുകെട്ടുമെന്നും ചിത്രങ്ങൾക്കൊപ്പം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here