വനിതാ ടി-20 ലോകകപ്പ്: തൊട്ടതെല്ലാം പിഴച്ച് ഇന്ത്യ; ഓസ്ട്രേലിയക്ക് കൂറ്റൻ ജയം, കിരീടം

വനിതാ ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് കിരീടം. ഫൈനലിൽ ഇന്ത്യയെ 85 റൺസിനു തകർത്താണ് ഓസ്ട്രേലിയ തുടർച്ചയായ രണ്ടാം കിരീടം നേടിയത്. ഓസീസിൻ്റെ അഞ്ചാം ടി-20 ലോക കിരീടം ആണിത്. ഓസ്ട്രേലിയ മുന്നോട്ടു വച്ച 185 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 99 റൺസിന് എല്ലാവരും പുറത്തായി. 33 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മേഗൻ ഷൂട്ട് നാലും ജെസ് ജൊനാസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഓവറിൽ തന്നെ ഷഫാലി വീണു. മേഗൻ ഷൂട്ടിൻ്റെ പന്തിൽ എലീസ ഹീലിക്ക് പിടികൊടുത്താണ് ഇന്ത്യയുടെ കൗമാര ഓപ്പണർ മടങ്ങിയത്. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ തനിയ ഭാട്ടിയ രണ്ടാം ഓവറിൽ പരുക്കേറ്റ് മടങ്ങി. ആ ഓവറിലെ അവസാന പന്തിൽ ജമീമ റോഡ്രിഗസും മടങ്ങി. ജെസ് ജോനാസൻ്റെ പന്തിൽ നിക്കോൾ കാരി ജമീമയെ പിടികൂടി. രണ്ട് ബൗണ്ടറികൾ അടിച്ച് പ്രതീക്ഷ നൽകിയ സ്മൃതി മന്ദനക്കും ഏറെ ആയുസുണ്ടായില്ല. സോഫി മോലിന്യൂ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിൽ നിക്കോൾ കാരിക്ക് പിടി നൽകി മന്ദനയും മടങ്ങി. ആറാം ഓവറിൽ അടുത്ത വിക്കറ്റ്. ജെസ് ജൊനാസനെ ബൗണ്ടറി അടിച്ച് അത് തുടരാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനെ ആഷ് ഗാർഡ്നർ കൈപ്പിടിയിലൊതുക്കി.
വേദ കൃഷ്ണമൂർത്തിയും ദീപ്തി ശർമ്മയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 28 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. 19 റൺസെടുത്ത വേദ ഡെലിസ കിമ്മിൻസിൻ്റെ പന്തിൽ ജെസ് ജൊനാസൻ്റെ കൈപ്പിടിയിലൊതുങ്ങി. ആറാം വിക്കറ്റിൽ പരുക്കേറ്റ ഭാട്ടിയക്ക് പകരം യുവതാരം റിച്ച ഘോഷ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങി. 30 റൺസാണ് റിച്ചയും ദീപ്തിയും ചേർന്ന് കൂട്ടിച്ചേർത്തത്. 33 റൺസെടുത്ത ദീപ്തിയെ ബെത്ത് മൂണിയുടെ കൈകളിൽ എത്തിച്ച നിക്കോൾ കാരി ഈ കൂട്ടുകെട്ട് തകർത്തു. ശിഖ പാണ്ഡെ (1) മേഗൻ ഷൂട്ടിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബെത്ത് മൂണിയാണ് ശിഖയെ പിടികൂടിയത്. ആ ഓവറിൽ തന്നെ റിച്ച ഘോഷും (19) മടങ്ങി. നിക്കോൾ കാരിക്ക് പിടികൊടുത്താണ് റിച്ച പുറത്തായത്. രാധ യാദവ് (1) ജെസ് ജൊനാസൻ്റെ പന്തിൽ ബെത്ത് മൂണിയുടെ കൈകളിൽ അവസാനിച്ചു. മേഗൻ ഷൂട്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ആഷ് ഗാർഡ്നറിനു പിടി നൽകി പൂനം യാദവ് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് നേടിയത്. ഓസ്ട്രേലിയക്കായി ഓപ്പണർമാരായ എലീസ ഹീലിയും ബെത്ത് മൂണിയും അർധസെഞ്ചുറികൾ നേടി. 78 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ്മ രണ്ട് വിക്കറ്റുകൾ നേടി.
Story Highlights: Womens T-20 australia won against india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here