വനിതാ ടി-20 ലോകകപ്പ് ഫൈനൽ: തകർത്തടിച്ച് ഓസീസ്; ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം

വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. ഓസ്ട്രേലിയക്കായി ഓപ്പണർമാരായ എലീസ ഹീലിയും ബെത്ത് മൂണിയും അർധസെഞ്ചുറികൾ നേടി. ഇന്ത്യക്കായി ദീപ്തി ശർമ്മ രണ്ട് വിക്കറ്റുകൾ നേടി.
ദീപ്തി ശർമ്മ എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി അടിച്ചാണ് ഓസ്ട്രേലിയ ആരംഭിച്ചത്. ആ ഓവറിൽ 14 റൺസാണ് ഓസീസ് അടിച്ചത്. 9 റൺസെടുത്ത് നിൽക്കെ എലീസ ഹീലിയെ ഷഫാലി വർമ്മ കൈവിട്ടു. പിന്നീട് ഇന്ത്യക്ക് അവസരമൊന്നും നൽകാതെ അടിച്ചു തകർത്ത ഹീലി അനായാസം ബൗണ്ടറികൾ കണ്ടെത്തി. ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യക്കായില്ല. മറുവശത്ത് ബെത്ത് മൂണി ഹീലിക്ക് ഉറച്ച പങ്കാളിയായി. 30 പന്തുകളിലാണ് ഹീലി അർധസെഞ്ചുറിയിൽ എത്തിയത്. മോശം പന്തുകൾ എറിയാൻ മത്സരിച്ച ഇന്ത്യൻ ബൗളർമാരും ഓസീസ് ഓപ്പണർമാരെ കൈ അയച്ച് സഹായിച്ചു.
ഒടുവിൽ രാധ യാദവാണ് 115 റൺസ് നീണ്ട ഈ റെക്കോർഡ് കൂട്ടുകെട്ട് തകർത്തത്. 12ആം ഓവറിൽ രാധയെ സിക്സറടിക്കാൻ ശ്രമിച്ച ഹീലിയെ വേദ കൃഷ്ണമൂർത്തി പിടികൂടി. വെറും 39 പന്തുകളിൽ 7 ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 75 റൺസ് എടുത്താണ് ഹീലി മടങ്ങിയത്. ഹീലി പുറത്തായതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത മൂണി 41 പന്തുകളിൽ തൻ്റെ അർധസെഞ്ചുറി കുറിച്ചു. മൂന്നാം നമ്പറിലിറങ്ങിയ മെഗ് ലാനിംഗ് രണ്ട് ബൗണ്ടറികളോടെ നന്നായി തുടങ്ങിയെങ്കിലും വേഗം പുറത്തായി. 15 പന്തുകളിൽ 16 റൺസെടുത്ത ലാനിംഗിനെ ദീപ്തി ശർമ്മയുടെ പന്തിൽ ശിഖ പാണ്ഡെ പിടികൂടി. ആ ഓവറിൽ തന്നെ ആഷ്ലി ഗാർഡ്നറും (2) പുറത്തായി. റേച്ചൽ ഹെയിൻസ് (4) പൂനം യാദവിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായി.
അവസാന ഓവറുകളിൽ മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ മൂണി ഇന്ത്യക്ക് മുന്നിൽ അപ്രാപ്യമായ ലക്ഷ്യം വച്ച് നീട്ടുകയായിരുന്നു. മൂണിയും (78) നിക്കോൾ കാരിയും (5) പുറത്താവാതെ നിന്നു. പത്ത് ബൗണ്ടറികൾ അടങ്ങുന്നതാണ് ബെത്ത് മൂണിയുടെ ഇന്നിംഗ്സ്. നിക്കോൾ കാരി ഒരു ബൗണ്ടറി അടിച്ചു.
Story Highlights: Womens t-20 world cup australia huge score against india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here