ഇന്ത്യയുടെ അടുത്ത ഛേത്രി സഹൽ അബ്ദുൽ സമദ്: ബാർതലോമ്യൂ ഓഗ്ബച്ചെ

ഇന്ത്യയുടെ അടുത്ത ഛേത്രി മലയാളി താരം സഹൽ അബ്ദുൽ സമദെന്ന് കേരള ബ്ലാസ്റ്റേഴ്സ് നായകൻ ബാർതലോമ്യൂ ഓഗ്ബച്ചെ. ഐഎസ്എലിനു വേണ്ടി ആനന്ദ് ത്യാഗിക്കു നൽകിയ വൺ ഓൺ വൺ അഭിമുഖത്തിലാണ് ബ്ലാസ്റ്റേഴ്സ് നായകൻ സഹലിനെ പുകഴ്ത്തി രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“സഹലിൻ്റെ കഠിനാധ്വാനം നമുക്കറിയാം. മോശം ദിനമാണെങ്കിൽ പോലും സഹൽ ഒരുപാട് കഠിനാധ്വാനം ചെയ്യും. അതാണ് എടുത്തു പറയേണ്ട അദ്ദേഹത്തിൻ്റെ ഒരു ഗുണം. പിന്നെ, അദ്ദേഹത്തിൻ്റെ കഴിവിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ. അദ്ദേഹം വളരെ കഴിവുള്ള ആളാണ്. അത്രയും കഴിവും സ്വയം ഉള്ള വിശ്വാസവും അദ്ദേഹത്തെ അടുത്ത ഛേത്രിയാക്കും.”- ഓഗ്ബച്ചെ അഭിമുഖത്തിനിടെ പറഞ്ഞു.
സഹലിനെ പുകഴ്ത്തൽ കൊണ്ട് മൂടിയ അദ്ദേഹം സാമുവൽ ലാൽമുവാംപുയയെയും സംസാരത്തിൽ സൂചിപ്പിച്ചു. സാമുവൽ ഭാവിയിലെ താരമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ബ്ലാസ്റ്റേഴ്സിന് മികച്ച രണ്ട് മധ്യനിര താരങ്ങളുണ്ടെന്നും അത് ക്ലബിനും രാജ്യത്തിനും ഒരുപോലെ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നും ഓഗ്ബച്ചെ പറഞ്ഞിരുന്നു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്നത് ഉടൻ അറിയിക്കാമെന്നും ഇപ്പോൾ അത് പറയാനാവില്ലെന്നും ഓഗ്ബച്ചെ പറഞ്ഞു.
സീസണിൽ 7ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 18 മത്സരങ്ങളിൽ 4 എണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഏഴ് വീതം മത്സരങ്ങളിൽ സമനില പാലിക്കുകയും പരാജയപ്പെടുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന് 19 പോയിൻ്റുകളാണ് ഉള്ളത്.
Story Highlights: bartolomeu ogbeche about sahal abdul samad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here