Advertisement

കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ച സംഭവം; പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ കളക്ടർ

March 9, 2020
1 minute Read

കൊച്ചിയിൽ മൂന്ന് വയസുകാരിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. എല്ലാ മുൻ കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തിൽ മാർച്ച് ഏഴിന് ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് സംവിധാനത്തിൽ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിൾ എൻഐയുവിലെ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്റെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നെടുമ്പാശേരി വിമാനത്താവളത്തിൽ മാർച്ച് ഏഴിന് ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൊവിഡ് – 19 സ്ഥിരീകരിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. 7 ന് പുലർച്ചെ 6.30ന് #EK530 ദുബായ് – കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശേരിയിലെത്തിയത്.

വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് സംവിധാനത്തിൽ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിൾ എൻ.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്റെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കൊവിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്.

ജില്ലാഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ല

ജില്ലാ കൺട്രോൾ റൂം 04842368802
ടോൾ ഫ്രീ 1056

94 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 648 പേർ വീടുകളിലും 84 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല.

1. കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും യാത്രാ ചരിത്രമുള്ളവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ, വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാർത്ഥ പ്രാർത്ഥനയാണ്.

2. ഹാൻഡ് റെയിലിംഗുകൾ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകുക.

3. തിരക്കുകൂട്ടരുത്. പിന്നിൽ നിന്നും മുന്നിൽ നിന്നും വ്യക്തിയിൽ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവിൽ പോകുക.

4. ആലിംഗനം അല്ലെങ്കിൽ ഹാൻഡ്ഷേക്ക് പോലുള്ള സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക.

5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക.

6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കിൽ വൃക്കകരൾ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവർ ദർശനം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം.

7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top