കൊറോണ സ്ഥിരീകരിച്ച 9 രാജ്യങ്ങളിലേയ്ക്ക് യാത്രാ വിലക്കേർപ്പെടുത്തി സൗദി

കൊവിഡ് 19 സ്ഥിരീകരിച്ച ഒൻപത് രാജ്യങ്ങളിലേക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചത്തേയ്ക്കാണ് വിലക്ക്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സൗദിയിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 15 ആയി.
യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ലെബനൻ, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേയ്ക്ക് പ്രവേശിക്കുന്നതിനുമാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. രണ്ടാഴ്ചത്തേയ്ക്കാണ് വിലക്ക്. വിദേശികൾക്കും സ്വദേശികൾക്കും ഇത് ബാധകമായിരിക്കും. ഈ രാജ്യങ്ങൾ സന്ദർശിച്ചവർ 14 ദിവസങ്ങൾക്കുള്ളിൽ സൗദി സന്ദർശിക്കുന്നതിനും വിലക്കുണ്ട്.
ഈ ഒൻപത് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകളും കപ്പൽ സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് നടത്തുന്ന വിമാനങ്ങൾക്കും, ചരക്ക് കപ്പലുകൾക്കും വിലക്കുണ്ടാകില്ല. സൗദിയിൽ സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നു മുതൽ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. പള്ളികളിലെ പഠനകേന്ദ്രങ്ങൾക്കും അവധി നാൽകാനാണ് നിർദേശം.
അതേസമയം സൗദിയിൽ നാല് പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വനിതകൾക്കും ഒരു പുരുഷനുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 15 ആയി. ഇതിൽ രണ്ട് ബഹ്‌റൈൻ പൗരന്മാരും, ഒരു അമേരിക്കൻ പൗരനും ബാക്കിയുള്ളവർ സ്വദേശികളുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here