എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി പരീക്ഷകള്‍ നാളെ തുടങ്ങും. 26 വരെയാണ് പരീക്ഷ. 2945 കേന്ദ്രങ്ങളിലായി 4,22,450 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം എടരിക്കോട് പികെഎം എച്ച്എസിലാണ്. 2327 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
ചോദ്യപേപ്പറുകള്‍ ജില്ലകളില്‍ എത്തിച്ചുകഴിഞ്ഞു. എസ്എസ്എല്‍സി ചോദ്യ പേപ്പറുകള്‍ ട്രഷറിയിലും ബാങ്ക് ലോക്കറിലുമാണ് സൂക്ഷിക്കുക. പരീക്ഷാദിവസം രാവിലെ കേന്ദ്രങ്ങളില്‍ എത്തിക്കും.
ഹയര്‍സെക്കന്‍ഡറി ചോദ്യ പേപ്പറുകള്‍ പൊലീസ് കാവലില്‍ സ്‌കൂളുകളില്‍ സൂക്ഷിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. മേയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും.
അതേസമയം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പരീക്ഷ സെന്ററുകളില്‍ മാസ്‌ക്കും സാനിട്ടൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പിടിഎയുടെ നേതൃത്വത്തിലായിരിക്കും മാസ്‌ക്കും സാനിട്ടൈസറും ലഭ്യമാക്കുന്നത്.
Story Highlights: sslc exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here