കൊവിഡ് 19: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് കർണാടക

രാജ്യത്തുടനീളം കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പ്രതിസന്ധിയിൽ. ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചതിനെ തുടർന്നാണ് പ്രീമിയർ ലീഗ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ടാണ് ബെംഗളൂരു.
മത്സരങ്ങൾ നടത്താനുള്ള അനുമതി നിഷേധിച്ച കർണാടക സർക്കാർ, ഐപിഎൽ നിർത്തിവെക്കണമെന്ന് ഗവേണിംഗ് കമ്മറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റി വെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപേയുടെ അറിയിപ്പ് തള്ളിയാണ് ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയത്. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഐപിഎൽ മാറ്റി വെക്കണോ എന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപേ പറഞ്ഞത്. ഒരു കൂട്ടം ആളുകള്‍ ഈ സമയത്ത് ഒരുമിച്ച് വരുന്നു എന്നത് അപകടകരമാണെന്നും ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ നീട്ടിവെക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഗാംഗുലി ഇതൊക്കെ തള്ളി.
ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു.
മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.
Story Highlights: Karnataka Government writes a letter to central government; not ready to host matches in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here