യെസ് ബാങ്ക് ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സാധ്യത; കൺസോർഷ്യത്തിൽ പങ്കാളിയാകാൻ കൂടുതല്‍ ബാങ്കുകള്‍

യെസ് ബാങ്കിലെ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഈ ആഴ്ച അവസാനത്തോടെ പിൻവലിക്കാൻ സാധ്യത. ഇക്കാര്യത്തിലെ ആർബിഐ തീരുമാനം അനുകൂലമാണെന്ന് പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് കുമാർ അറിയിച്ചു. അതേസമയം യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ രൂപീകരിക്കുന്ന കൺസോർഷ്യത്തിൽ പങ്കാളി ആകാൻ എച്ച്ഡിഎഫ്‌സി ബാങ്കും കോട്ടക് ബാങ്കും ആർബിഐയെ താത്പര്യം അറിയിച്ചു.
Read Also: യെസ് ബാങ്ക് പ്രതിസന്ധി: കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
യെസ് ബാങ്ക് പ്രതിസന്ധിയില്‍ ഇപ്പോഴും ഇടപാടുകാർക്ക് വലിയ ആശങ്കയാണ്. മോറട്ടോറിയം കൂടി നിലനിൽക്കുന്നതിനാൽ നിക്ഷേപം പിൻവലിക്കാനും സാധിക്കുന്നില്ല. പക്ഷേ ലഭിക്കുന്ന സൂചനകൾ ശുഭകരമാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ഈ ആഴ്ച അവസാനം തന്നെ സാധിക്കും എന്നാണ് സൂചന. എർപ്പെടുത്തിയ മോറട്ടോറിയം ആർബിഐ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങി. പുതുതായി നിയോഗിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിന്റെ വിഭവ വിനിയോഗം അടക്കമുള്ള വിഷയത്തിൽ പുതുതായി സ്വീകരിക്കേണ്ട നയം സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. മോറട്ടോറിയം ഈ ആഴ്ച തന്നെ പിൻവലിച്ചേക്കും എന്ന് പ്രശാന്ത് കുമാർ സൂചിപ്പിച്ചു. മോറട്ടോറിയം പിൻവലിക്കുമ്പോൾ നിക്ഷേപം പിൻവലിക്കാൻ ഉണ്ടാകുന്ന തിരക്കിനെ കുറിച്ച് ബാങ്കിന് ബോധ്യം ഉണ്ട്. ഈ സാഹചര്യത്തെ നേരിടാൻ ആവശ്യമായ പണലഭ്യത ബാങ്കിന് ഉണ്ടെന്നും പ്രശാന്ത് കുമാർ വ്യക്തമാക്കി. എസ്ബിഐ നേതൃത്വം നൽകുന്നതാണ് പുതുതായി എത്തുന്ന കൺസോർഷ്യം എന്നതിനാൽ ഉപഭോക്താക്കൾ ബാങ്ക് ഉപേക്ഷിക്കാൻ സാധ്യത കുറവാണെന്നാണ് ബാങ്ക് അധികൃതരുടെ വിലയിരുത്തൽ. പുതുതായി യാഥാർത്ഥ്യമാകുന്ന കൺസോർഷ്യത്തിന്റെ ഭാഗമാകാൻ കൂടുതൽ ബാങ്കിംഗ് സ്ഥാപനങ്ങൾ താത്പര്യം അറിയിച്ച് രംഗത്തെത്തി. എച്ച്ഡിഎഫ്‌സി, കോട്ടക് തുടങ്ങിയ ബാങ്കുകളാണ് മുതൽ മുടക്ക് താത്പര്യം വ്യക്തമാക്കിയത്. അതേസമയം ബാങ്ക് മേധാവി റാണാ കപൂറിനെ ഇപ്പോഴും ഇ ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കുടുംബാംഗങ്ങളുടെ പേരിൽ അദ്ദേഹം നടത്തിയിട്ടുള്ള നിക്ഷേപം പൂർണമായും കണ്ടെത്താനായില്ലെങ്കിൽ അവരെ കൂടി അറസ്റ്റ് ചെയ്യാനാണ് ഇപ്പോൾ ഇ ഡിയുടെ പദ്ധതി.
yes bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here