Advertisement

60 പേരുടെ മെഡിക്കല്‍ സംഘം, പത്ത് ആംബുലന്‍സുകള്‍: പരമാവധി സജ്ജീകരണം ഒരുക്കി കൊച്ചി രാജ്യാന്തര വിമാനത്താവളം

March 11, 2020
1 minute Read

കൊവിഡ് 19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പരമാവധി സജ്ജീകരണം ഒരുക്കി കൊച്ചി രാജ്യാന്തര വിമാനത്താവളം. രാജ്യാന്തര, ആഭ്യന്തര അറൈവല്‍ ഭാഗത്താണ് നിലവില്‍ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 60 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഈ പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ അണുവിമുക്തമാക്കിയ 10 ആംബുലന്‍സുകള്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മാര്‍ച്ച് മൂന്ന് മുതല്‍ക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് (എല്ലാ രാജ്യാന്തര ആഗമന യാത്രക്കാര്‍ക്കും) ഏര്‍പ്പെടുത്തിയത്. അതിന് മുമ്പ് ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായിരുന്നു സമ്പൂര്‍ണ സ്‌ക്രീനിംഗ്.

ഇറാന്‍, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ ഇക്കാര്യം ഹെല്‍ത്ത് കൗണ്ടറില്‍ അറിയിക്കണം എന്നായിരുന്നു നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ യാത്രക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ഇതുസംബന്ധിച്ച് ആവര്‍ത്തിച്ചുള്ള അറിയിപ്പുകള്‍ വിമാനത്തില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ആഗമന മേഖലയില്‍ നിരവധി സ്‌ക്രീനുകളിലും ബോര്‍ഡുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് മൂന്നിന് രാജ്യാന്തര യാത്രക്കാര്‍ക്ക് യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തിയതോടെ എല്ലാവരും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന സ്ഥിതിയാണ്. ചില രാജ്യാന്തര യാത്രക്കാര്‍ കേരളത്തിന് പുറത്തുള്ള വിമാനത്താളങ്ങളില്‍ ഇറങ്ങി ആഭ്യന്തര റൂട്ടില്‍ കൊച്ചി ഡൊമസ്റ്റിക് ടെര്‍മിനലില്‍ എത്തുന്ന സാഹചര്യമുണ്ട്. ഇത് പരിഗണിച്ചാണ് രാജ്യത്ത് ആദ്യമായി ആഭ്യന്തര യാത്രക്കാര്‍ക്കും കേരള സര്‍ക്കാര്‍ പരിശോധന ഏര്‍പ്പെടുത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ ഇറ്റലിയില്‍ നിന്ന് എത്തിയ 52 യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കിയില്ലെന്ന പരാതി അവാസ്തവമാണെന്നും സിയാല്‍ ( കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ) അറിയിച്ചു. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കൊവിഡ് രോഗബാധിതര്‍ അല്ല എന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് അഞ്ചിന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ സര്‍ക്കുലര്‍ മാര്‍ച്ച് 10 ന് പ്രാബല്യത്തില്‍ വന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ത്യയില്‍ എത്തിയതിനാല്‍ ഈ 52 പേരേയും സാധാരണ പരിശോധന നടത്തി പുറത്തുവിടുന്നത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാകും.

ഇത്രയധികം പേരെ ഒറ്റയടിക്ക് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് നിലവിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ തന്നെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസിലെ ഉദ്യോഗസ്ഥരുടേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും തീവ്രശ്രമത്തിന്റെ ഫലമായി പുലര്‍ച്ചെ നാലരയോടെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കാന്‍ കഴിഞ്ഞു.

അഞ്ചുമണിയോടെ എല്ലാവരേയും ആംബുലന്‍സില്‍ എത്തിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ അതീവജാഗ്രത പുലര്‍ത്തിക്കൊണ്ട് മെഡിക്കല്‍ സംഘം രണ്ടരമണിക്കൂറോളം ഇവരെ ശുശ്രൂഷിക്കുകയും ലഘു ഭക്ഷണം നല്‍കുകയും ചെയ്തുവെന്നും സിയാല്‍ അറിയിച്ചു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top