കൊവിഡ്- 19; പത്തനംതിട്ടയിലെ പത്ത് പേരുടെ ഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ കൊവിഡ്-19 സംശയിച്ചിരുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് മെഡിക്കൽ റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപെട്ടിരുന്ന ആളുകളുടെ ഫലമാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം പരിശോധയ്ക്ക് അയച്ച 12 സാമ്പിളുകളിൽ പത്ത് പേരുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഈ പരിശോധനാ ഫലങ്ങൾ എല്ലാം തന്നെ നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതിനെ തുടർന്ന് പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ആളുകളുടെ ഫലമാണിത്. ആശുപത്രിയിൽ നീരീക്ഷണത്തിൽ കഴിയുന്ന എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും കളക്ടർ വ്യക്തമാക്കി.
Read Also: കൊവിഡ് 19: മൂന്ന് ഹെല്‍പ് ലൈന്‍ നമ്പരുകള്‍ കൂടി ആരംഭിച്ചു
എന്നാൽ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിലെ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ മെഡിക്കൽ സംഘങ്ങളും എത്തിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വെള്ളവും ആഹാരവും എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു. അതേ സമയം വീടുകളിൽ നിയന്ത്രണത്തിൽ കഴിയുന്ന ചിലരുടെ നിസഹകരണം ജില്ലാ ഭരണകൂടത്തേയും ആരോഗ്യ വകുപ്പിനേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ആശുപത്രിയിലും പന്തളം അർച്ചന ആശുപത്രിയിലും മുൻകരുതലിന്റെ ഭാഗമായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനിടെ കോട്ടയത്ത് കൊവിഡ്-19 സ്ഥീരികരിച്ച ചെങ്ങളം സ്വദേശികൾ ചികിത്സ തേടിയ തിരുവാതിക്കലിലെ ക്ലിനിക്ക് അടപ്പിച്ചിരുന്നു. ക്ലിനിക്കിലെ ഡോക്ടർ നീരീക്ഷണത്തിൽ തുടരുകയാണ്.
ഇടുക്കി ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തിലാണ്. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തില്‍ ലഭിച്ച 12 എണ്ണവും നെഗറ്റീവ് ആയിരുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ ഉത്തരേന്ത്യക്കാരന്റെയും ഫലം നെഗറ്റീവായതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി. നിരീക്ഷണത്തില്‍ ഉള്ളവരെല്ലാം വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്.
coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here