കൊവിഡ് 19: പ്രതിരോധിക്കാൻ പൊലീസും

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പൊലീസും. വിദേശത്ത് നിന്നെത്തുന്നവരെ കണ്ടെത്താൻ പ്രത്യേകം സജ്ജീകരണമൊരുക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു.
കൊറോണ ബോധവത്കരണത്തിന് ജനമൈത്രി പൊലീസിനെ രംഗത്തിറക്കാനാണ് തീരുമാനം. ചുമതലയുള്ളവർ മാസ്‌കുകൾ ധരിക്കണമെന്നും ഡിജിപി നിർദേശിച്ചു. പരാതിക്കാരും മറ്റ് സന്ദർശകരും പൊലീസ് സ്റ്റേഷനിൽ എത്തുന്നത് തടയാൻ പാടില്ല. സ്റ്റേഷനിൽ എത്തുന്നവർക്ക് കൊവിഡ് 19 ബാധയെക്കുറിച്ച് അവബോധം നൽകാനും നിർദേശമുണ്ട്.
കൊറോണ പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദാംശങ്ങൾ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ മുഖേന ഇന്റലിജൻസ് എഡിജിപി ശേഖരിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള പ്രവർത്തനം.
വൈറസ് ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here