Advertisement

‘തൊട്ടടുത്ത് മരണം നിലവിളിച്ചോടുമ്പോൾ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത് ഇത്ര വലിയ തെറ്റോ?’ ഇറ്റലിയിൽ നിന്നൊരു കുറിപ്പ്

March 12, 2020
1 minute Read

കൊറോണ വ്യാപകമായി പകടർന്നുപിടിക്കുമ്പോൾ ഇറ്റലിയിൽ നിന്ന് ഒരു മലയാളിയുടെ കുറിപ്പ് വൈറലാകുന്നു. തൊട്ടടുത്ത് മരണം നിലവിളിച്ചോടി നടക്കുമ്പോ സ്വന്തം കൂടപ്പിറപ്പുകളെ കാണാൻ ആഗ്രഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് തൃശൂർ സ്വദേശിയും ഇറ്റലിയിൽ വൈദികനുമായ റിന്റോ പയ്യപ്പിള്ളി
ചോദിക്കുന്നു. താൻ താമസിക്കുന്നിടത്ത് അധികം പ്രശ്‌നങ്ങൾ ഇല്ലാത്തതുകൊണ്ടാണ് നാട്ടിലേയ്ക്ക് വരാത്തതെന്നും ഇറ്റലിയുടെ മറ്റ് ചിലയിടങ്ങളിൽ അവസ്ഥകൾ ദുരിതത്തിലാണെന്നും റിന്റോ പറയുന്നു.

ഇറ്റലിയിലെ ഒരു ആശുപത്രിയിലും സ്ഥലം ബാക്കിയില്ല. പലയിടത്തും ഒരു രോഗിയേയും പുതിയതായി നോക്കാൻ പറ്റുന്നില്ല. ഹോസ്പിറ്റലിൽ സഹായമഭ്യർത്ഥിച്ച പലർക്കും സഹായം ലഭിച്ചിട്ടില്ലെന്ന് റിന്റോ ചൂണ്ടിക്കാട്ടുന്നു. രോഗമില്ലെന്ന് ഉറപ്പ് വരുത്താനും നാട്ടിൽ എത്തുമ്പോൾ ഗവൺമെന്റ് പറയുന്ന എന്തും ചെയ്യാനും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവരും തയ്യാറാണെന്നും റിന്റോ പറയുന്നു. ഇറ്റലിയിൽ കഴിയുന്ന മലയാളികളുടെ അവസ്ഥ ഓർത്ത് സങ്കടപ്പെട്ടില്ലെങ്കിലും അവരുടെ ജീവിതങ്ങളെ പച്ചക്ക് തെറി വിളിക്കാതിരിക്കുകയെങ്കിലും ചെയ്തൂടെ എന്നും റിന്റോ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ഇറ്റലിയിലാണ്… ഞാനും ഒരു മലയാളിയാണ്… പക്ഷെ പേടിക്കണ്ടാട്ടൊ… നാട്ടിലേക്ക് വരുന്നില്ല… ഞാൻ താമസിക്കുന്നിടത്ത് അധികം പ്രശ്‌നങ്ങൾ ഇല്ലാത്തത് കൊണ്ടാണ്.. എങ്കിലും ഇറ്റലിയുടെ മറ്റു ചിലയിടങ്ങളിലെ അവസ്ഥകൾ ദുരിതത്തിലാണ്…

ഇപ്പൊ ഇറ്റലിക്കാരെന്നു കേട്ടാൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയാണ് പലർക്കും എന്നറിയാം… പക്ഷെ ഞങ്ങളും മനുഷ്യരാട്ടോ…. ഓരോ ദിവസവും നൂറു പേരിൽ കൂടുതൽ മരിക്കുമ്പോ ആയിരത്തി അഞ്ഞൂറിലധികം കേസുകൾ ഓരോ ദിവസവും തൊട്ടടുത്തു കൂടിക്കൊണ്ടിരിക്കുമ്പോ ആർക്കും ഒരു ആഗ്രഹവും ഉണ്ടാവില്ലേ ഒന്നു സ്വന്തം വീടണയാൻ… തൊട്ടടുത്ത് മരണം നിലവിളിച്ചോടി നടക്കുമ്പോ സ്വന്തം കൂടപ്പിറപ്പുകളെ കാണാൻ ആഗ്രഹിച്ചു പോവുന്നത് ഇത്ര വല്യ തെറ്റാണോ… എന്തിനാ ഇവരൊക്കെ നാട്ടിലേക്ക് കടത്തി വിടണേ എന്നാണ് പലരുടെയും ചോദ്യം… സ്വന്തം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത് ഇത്ര വല്യ തെറ്റാണോ? ഇറ്റലിയിലെ ഒരു ആശുപത്രിയിലും സ്ഥലം ബാക്കിയില്ല…പലയിടത്തും ഒരു രോഗിയെയും പുതിയതായി നോക്കാൻ പറ്റുന്നില്ല… ഹോസ്പിറ്റൽ സഹായമഭ്യർത്ഥിച്ച പലർക്കും ഒരു സഹായവും ലഭിക്കാത്തവരുണ്ട്… അപ്പൊ കുഞ്ഞുകുട്ടികൾ അടക്കമുള്ള മാതാപിതാക്കൾ രോഗം ബാധിച്ചു ഇവിടെ കിടന്നു മരിക്കണമെന്ന് ചിന്തിക്കണോ അതോ രോഗം ബാധിക്കും മുമ്പ് എങ്ങനേലും നാട്ടിൽ എത്തണമെന്നു ആഗ്രഹിക്കോ? നാട്ടിലെത്തിയാൽ ഐസൊലേഷൻ വാർഡിൽ കിടക്കാൻ റെഡിയാണ് മിക്കവരും…

രോഗമില്ലെന്നു ഉറപ്പ് വരുത്താനും നാട്ടിൽ എത്തുമ്പോൾ ഗവൺമെന്റ് പറയുന്ന എന്തും ചെയ്യാനും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവരും തയ്യാറുമാണ്.. എല്ലാർക്കും രോഗം കൊടുക്കണം എന്ന് ആരെങ്കിലും ആഗ്രഹിക്കോ? നിങ്ങളാണ് ഈ സ്ഥലത്തെങ്കിൽ ചുറ്റും ഒരുപാട് പേരുടെ മരണം തൊട്ടടുത്ത് നടക്കുമ്പോൾ ഒന്ന് പുറത്തേക്കിറങ്ങാൻ പറ്റാത്ത അടിയന്തരാവസ്ഥ ഇവിടെ അരങ്ങേറുമ്പോൾ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ കഴിഞ്ഞു തുടങ്ങി പലതും കിട്ടാതായിത്തുടങ്ങുമ്പോൾ ഇവിടെ കിടന്നു മരിച്ചാലും കൊഴപ്പമില്ല നാട്ടിലേക്ക് പോവണ്ട എന്ന് നിങ്ങൾ ചിന്തിക്കുമോ? ഒരു ഇറ്റാലിയൻ പട്ടികളെയും….. (മലയാള നിഘണ്ടുവിൽ ഇല്ലാത്ത ചില പദങ്ങൾ കൂടി പറഞ്ഞവരുണ്ട്… അത് ചേർക്കുന്നില്ല) ഈ നാട്ടിലോട്ട് കേറ്റരുത് എന്ന് ചിലര് ഫേസ്ബുക്കില് വിളിച്ചു പറയുമ്പോ ഇവിടെ ഉള്ളവരും ചോരയും നീരും ഉള്ള മനുഷ്യര് തന്നെയാണെന്ന് ഇടയ്‌ക്കൊന്നു ചിന്തിക്കുന്നത് നല്ലതാണുട്ടോ..

ഇറ്റലിയിൽ കഴിയുന്ന മലയാളികളുടെ അവസ്ഥ ഓർത്ത് സങ്കടപ്പെട്ടില്ലെങ്കിലും അവരുടെ ജീവിതങ്ങളെ പച്ചക്ക് തെറി വിളിക്കാതിരിക്കുകയെങ്കിലും ചെയ്തൂടെ… മിക്ക വീട്ടിലും ഉണ്ടാവൂല്ലോ ആരെങ്കിലും ഒക്കെ പുറത്ത്… അവർക്കാണ് ഈ അവസ്ഥ എങ്കിൽ നിങ്ങ അവിടെ കിടന്നോ.. മരിക്കാണെങ്കി മരിച്ചോ എന്ന് ആരെങ്കിലും പറയോ?? ഞങ്ങൾക്കുമുണ്ട് ഓരോ ദിവസവും ഇറ്റലിയിലെ വാർത്തകൾ കേട്ട് പേടിച്ചിരിക്കുന്ന മാതാപിതാക്കളും പ്രിയപ്പെട്ടവരും…ഇത്രയും എഴുതിപ്പോയത് സങ്കടം കൊണ്ടാണ്… വീണുകിടക്കുന്നവനെ ചവിട്ടരുത് എന്നൊരു തത്വമുണ്ട്… എണീക്കാൻ സഹായിച്ചില്ലെങ്കിലും ചവിട്ടാതിരുന്നൂടെ…പ്രവാസികളെ നാട്ടിലെത്തിക്കാൻ ഗവൺമെന്റ് ശ്രമിക്കുന്നുണ്ട്… നല്ല കാര്യം.. പക്ഷെ ഈ നാട്ടിൽ കാലുകുത്തരുത് എന്ന് പറഞ്ഞു ഫേസ്ബുക്കിൽ തെറിവിളിച്ചോണ്ടിരിക്കുന്നവരോടാണീ കുറിപ്പ്… ഞാൻ നിൽക്കുന്നിടം ഇപ്പോൾ അധികം കുഴപ്പമില്ലെങ്കിലും അതുകൊണ്ട് ഭയാശങ്കകൾ ഇല്ലെങ്കിലും നോർത്ത് ഇറ്റലിയിലെ മലയാളികളുടെ അവസ്ഥ ദയനീയമാണ്…

ഒരുകാര്യം കൂടി… ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബം മൂലം പലർക്കും ഈ രോഗം പിടിപെട്ടു… ശരിയാണ്… വീഴ്ചകൾ സംഭവിച്ചീട്ടുണ്ടാകാം…ആ തെറ്റിനെ കുറച്ചു കാണുന്നില്ല.. അതിനു അതിന്റേതായ ഗൗരവമുണ്ട്… ആ ഗൗരവത്തിനു ആ മൂന്നുപേർ അനേക ലക്ഷം പേരുടെ ചീത്ത വിളി ഈ ദിവസങ്ങളിൽ കേട്ടീട്ടുണ്ട്… ഇനിയും അവരുടെ ഫോട്ടോ പ്രചരിപ്പിച്ചു മാനഹാനി വരുത്തുന്നതിനോട് തത്കാലം യോജിപ്പില്ല.. അവരെ കൊല്ലണം എന്ന് വരെ പറയുന്നവരെ കണ്ടു… അങ്ങനെ പറഞ്ഞവരോട് കൂടുതൽ ഒന്നും പറയാനില്ല…. ഒന്നുകൂടി ആവർത്തിക്കുന്നു.. അവരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് ന്യായീകരിക്കാവുന്നതല്ല… അവരോട് ദേഷ്യം തോന്നുക സ്വാഭാവികമാണ്.. സംഭവിച്ച തെറ്റിന് ഇതിനകം കേൾക്കാവുന്നിടത്തോളം പഴി അവർ കേട്ടിട്ടുണ്ട്… അവരെ ഇത്രയും പ്രാകിയതും തെറിവിളിച്ചതും നാണം കെടുത്തിയതും പോരെ? ഇത്തിരിയെങ്കിലും ദയ വറ്റിയിട്ടില്ലെങ്കി, രോഗം മാറി അവർ ഇനി സ്വന്തം വീട്ടിലേക്ക് വരുമ്പോ ഉണ്ടാകാവുന്ന അവരുടെ മാനസികാവസ്ഥ ഓർത്തെങ്കിലും ഇനി അവരെ വെറുതെ വിട്… കൊലപാതകികൾക്ക് പോലും ദാക്ഷിണ്യം ലഭിക്കുന്ന നാടാണിത്… … ഈ എഴുത്തിന് താഴെ വന്നു തെറി വിളിച്ചാലും തിരിച്ചൊന്നും പറയാനില്ല… കാരണം ഇവിടെ മരണത്തിന്റെ കാറ്റ് വീശുന്ന ഇറ്റലിയിൽ കഴിയുന്ന ചോരയും നീരുമുള്ള നിങ്ങളെപ്പോലെത്തനെയുള്ള മനുഷ്യരുടെ ആകുലതകളും സങ്കടങ്ങളും മനസിലാക്കാൻ നിങ്ങൾക്ക് കഴിയാതെ പോവുന്നതയാണെന്നു ചിന്തിച്ചോളാ….

ച:ആ: ഞാൻ താമസിക്കുന്നിടം അധികം പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ തന്നെയും ഇറ്റലിയുടെ പ്രശ്‌നബാധിത സ്ഥലങ്ങളിൽ വല്ലാതെ കഷ്ടപ്പെട്ട് നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണീ കുറിപ്പ്..

story highlights- corona virus, rinto payyappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top