ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും കൊവിഡ് 19 എന്ന് സംശയം

ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും കൊവിഡ് 19 നെന്ന് സംശയം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തിമ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്തെ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ സ്ഥിരീകരണത്തിനാണ് സാമ്പിള്‍ ആലപ്പുഴയിലേക്ക് അയച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ തന്നെ ഇദ്ദേഹത്തെ വീട്ടിലെ നിരീക്ഷണത്തിലാക്കിയിരുന്നു. പനിയുടെ ലക്ഷണം തോന്നുകയും ഇയാള്‍ തന്നെ ദിശ നമ്പറില്‍ വിളിച്ചറിയിക്കുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ജില്ലയില്‍ 160 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.197 സാമ്പിളുകളില്‍ 145 പരിശോധനാഫലവും നെഗറ്റീവാണ്. 52 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിത രാജ്യങ്ങളില്‍ നിന്ന് ഇതുവരെ ജില്ലയില്‍ എത്തിയവരുടെ എണ്ണം 815 ആണ്.ഇറ്റലിയില്‍ നിന്ന് വരുന്ന മുഴുവന്‍ പേരെയും ആശുപത്രിയില്‍ ഐസൊലേഷനില്‍ കിടത്തി രോഗനിരീക്ഷണം നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here