കൊവിഡ് 19; തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകൾക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കളക്ടർ നിർദേശിച്ചു. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
ഷോപ്പിംഗ് മാളുകൾ അടച്ചിടും. ബ്യൂട്ടിപാർലറുകളും ജിമ്മുകളും പൂട്ടും. സ്പാ, മസാജ് പാർലറുകൾ എന്നിവയ്ക്കും നിയന്ത്രണമേർപ്പെടുത്തും. ബീച്ചിലേയ്ക്കുള്ള പ്രവേശനം നിരോധിക്കുമെന്നും കളക്ടർ പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം പാലിക്കുന്നില്ലെന്നും കളക്ടർ കുറ്റപ്പെടുത്തി.
ഇവർ ബന്ധുക്കളുമായി അടുത്തിടപഴകുന്നുണ്ട്. പനിയും ജലദോഷവുമുള്ളവർ വീടുകളിൽ കഴിയണം. പുറത്തേയ്ക്ക് ഇറങ്ങരുത്. വർക്കലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
തിരുവനന്തപുരം സ്വദേശികളായ രണ്ട് രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിൽ പ്രയാസമില്ല. എന്നാൽ ഇറ്റാലിയൻ പൗരന്മാർ സഞ്ചരിച്ച വഴികൾ കണ്ടെത്തുക പ്രയാസമാണ്. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കളക്ടർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here