കൊവിഡ് 19: ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് 19 പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ രീതിയിൽ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാമായിരുന്നു. എന്നാൽ ഈ വ്യവസ്ഥകൾ പിൻവലിച്ചുകൊണ്ട് പുതിയ ഒരു സർക്കുലർ അയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കൊവിഡ് 19 ദുരിതാശ്വാസത്തിനായി ദുരന്തനിവാരണ ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (എസ്ഡിആർഎഫ്) ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. 14-03-2020 ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച സർക്കുലർ പ്രകാരം, കൊവിഡ് 19 പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ രീതിയിൽ എസ്ഡിആർഎഫ് ഉപയോഗിക്കാനാകുമായിരുന്നു. അതുപ്രകാരം കൊവിഡ് 19 കാരണം മരിക്കുന്ന ആളുടെ കുടുംബത്തിന് എസ്ഡിആർഎഫിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാൻ സാധിക്കുമായിരുന്നു. ചികിത്സയ്ക്കുള്ള പണം എസ്ഡിആർഎഫിൽ നിന്ന് കണ്ടെത്താനുള്ള അനുമതിയുമുണ്ടായിരുന്നു.
എന്നാൽ ഈ വ്യവസ്ഥകൾ പിൻവലിച്ചുകൊണ്ട് പുതിയ ഒരു സർക്കുലർ അയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കൊവിഡ്19 ദുരിതാശ്വാസത്തിനായി എസ്ഡിആർഎഫ് കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായി.
ഈ നടപടി തിരുത്തണമെന്നും, സംസ്ഥാനത്തിന് കൊവിഡ് 19 കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആദ്യത്തെ സർക്കുലർ ഔദ്യോഗികമായി പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here