Advertisement

കൊറോണ ഭീതി; യാത്രക്കാരില്ല, കാലിയായി ട്രെയിനുകൾ

March 18, 2020
1 minute Read

കൊറോണ ഭീതി റെയിൽവേയെയും ബുദ്ധിമുട്ടിലാക്കുന്നു. വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പുലർത്തുന്നതിന്റെ പശ്ചാത്തലത്തിൽ ആളുകൾ പൊതുഗതാഗത സംവിധാനം ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ് റെയിൽവേ നഷ്ടം നേരിടുന്നത്.

തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കണക്കുകൾ പ്രകാരം ജനറൽ കോച്ചുകളിലെ ദിവസ യാത്രക്കാരുടെ എണ്ണം 61 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മാർച്ച് 10 ലെ കണക്കനുസരിച്ച് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം വെറും 80,188 ആയാണ് കുറഞ്ഞത്. മാർച്ച് 10 ന് ആയിരുന്നു സംസ്ഥാനത്ത് കൊറോണയ്‌ക്കെതിരെ അതീവ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് ജനങ്ങൾ സ്വയം സുരക്ഷിതത്വത്തിലേക്ക് നീങ്ങിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്ന് ഔദ്യോഗിക നിർദേശങ്ങളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനുകളിലും യാത്രക്കാർ ഒഴിഞ്ഞത്.

മാർച്ച് 10 കഴിഞ്ഞുള്ള ഓരോ ദിവസങ്ങളിലും വൻതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവനന്തപുരം ഡിവിഷൻ അറിയിക്കുന്നു. മാർച്ച് 11 ്‌ന് ഒന്നരലക്ഷം യാത്രക്കാരുടെ കുറവാണുണ്ടായതെങ്കിൽ 12 ന് ഒരുലക്ഷത്തി ഇരുപത്തിയേഴായിരമായി ആ കണക്ക്. 13 ന് 1.26 ലക്ഷവും 14 ന് 96,608 എന്നിങ്ങനെയാണ് കണക്ക്. ആളുകയറായതോടെ വരുമാനത്തിലും വൻ ഇടിവ് നേരിട്ടു. ജനറൽ കോച്ചുകളിൽ നിന്നും ശരാശരി ഒരു കോടി ദിവസ വരുമാനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് എൺപത് ലക്ഷത്തിലും താഴെയാണ്.

ബുക്ക് ചെയ്ത ടിക്കറ്റുകളും ക്യാൻസൽ ചെയ്യുന്നുണ്ട്. ഇതിന്റെ കണക്ക് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യാത്രകൾ ഒഴിവാക്കാൻ നിർദേശം സംസ്ഥാനത്തുണ്ട്. കേരളത്തിനു പുറത്തേക്ക് ഈയൊരു സാഹചര്യത്തിൽ പോകാനും ആരും താത്പര്യപ്പെടുന്നില്ല. തൃശൂർ റെയിൽ വേ സ്റ്റേഷനിൽ മാത്രം മാർച്ച് 10 മുതൽ 13 വരെ 3,097 പേർ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

പല ട്രെയിനുകളും കാലിയായ ബർത്തുകളുമായാണ് ഓടുന്നത്. മൊത്തം ബർത്തുകളിൽ വെറും പത്തു ശതമാനത്തിൽ മാത്രമാണ് യാത്രക്കാർ ഉള്ളതെന്നാണ് റെയിൽവേ പറയുന്നത്. എ സി കോച്ചുകളിലും യാത്രക്കാർ തീരെ കുറവാണ്.

story highlights- corona virus, train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top