കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക മേഖല തിരിച്ചുപിടിക്കാന്‍ 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ വഴി വരുന്ന രണ്ട് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ചാകും നല്‍കുക. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങാത്ത ബിപിഎല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. ഇതിനായി 100 കോടി രൂപ വിനിയോഗിക്കും.
സംസ്ഥാനത്താകെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. ബിപിഎല്‍, അന്ത്യോദയ വിഭാഗത്തിന് പുറമെയുള്ളവര്‍ക്ക് 10 കിലോ എന്ന നിലയിലാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വകയിരുത്തും. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി 50 കോടി രൂപ ചെലവഴിക്കും.
ഹെല്‍ത്ത് പാക്കേജിനായി 500 കോടി രൂപ വകയിരുത്തി. ഇതോടൊപ്പം വിവിധ മേഖലകളിലുള്ള കുടിശികകള്‍ കൊടുത്തു തീര്‍ക്കാനായി 14000 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read More: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; നിരീക്ഷണത്തിലുള്ളത് 31,173 പേര്‍
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 25 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 31,173 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 30,936 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 64 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6103 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. 5155 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 2921 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 133 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 11,832 ടെലഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇതുവരെ ലഭ്യമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here