ഷറ്റോരി ബ്ലാസ്റ്റേഴ്‌സ് വിടുന്നു; അടുത്ത സീസണിൽ കിബു വിക്കൂനയെന്ന് റിപ്പോർട്ട്

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച ഈൽകോ ഷറ്റോരി ക്ലബ് വിടുന്നു. അടുത്ത സീസണിൽ ഐലീഗ് ക്ലബായ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ കരോളിസ് സ്‌കിൻകിസാണ് വികൂനയെ ടീമിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതെന്നാണ് വിവരം. നേരത്തെ, ജംഷഡ്പൂർ എഫ്‌സിയും വിക്കൂനയെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും സ്‌കിൻകിസിന്റെ ഇടപെടൽ വിക്കൂനയെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ഐലീഗ് സീസണിൽ മോഹൻ ബഗാനെ ചാമ്പ്യനാരാക്കിയ പരിശീലകനാണ് കിബു വിക്കൂന. 4 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബഗാൻ ഈ സീസണിൽ കിരീടം നേടിയത്. 48കാരനായ സ്പാനിഷ് പരിശീലകനു കീഴിൽ ഇന്ത്യൻ താരങ്ങളും ഏറെ മെച്ചപ്പെട്ടിരുന്നു. വിക്കൂനക്കൊപ്പം സഹ പരിശീലകൻ ടൊമാസ് കോർസ്, ഫിസിക്കൽ ട്രെയിനർ എന്നിവർ കൂടി ഉണ്ടാവുമെന്നാണ് സൂചന. സി. എ ഒസാസൂനയിലൂടെ പരിശീലക ജോലി തുടങ്ങിയ വിക്കൂന, വിവിധ പോളിഷ് ക്ലബ്ബുകളുടേയും പരിശീലകനായിരുന്നു.
നേരത്തെ ക്യാപ്റ്റൻ ബാർതലോമ്യു ഓഗ്ബച്ചെയും മധ്യനിര താരം സെർജിയോ സിഡോഞ്ചയും കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇരു താരങ്ങളുമായും ക്ലബ് കരാർ പുതുക്കി. ഇരുവരെയും കൊണ്ടുവന്ന ഈൽകോ ഷറ്റോരി ക്ലബ് വിടുകയാണെന്ന വാർത്തകൾക്കിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
Story highlights- Eelco Schattorie leaves blasters, kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here