കൊവിഡ് 19 : സൗദിയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 238 ആയി

സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 238 ആയി. 67 പേർക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. റിയാദിൽ 19ഉം, കിഴക്കൻ പ്രവിശ്യയിൽ 23ഉം, ജിദ്ദയിൽ 13ഉം, മക്കയിൽ 11ഉം അസീറിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം വിദേശ ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പ് സൗദിയിൽ എത്തിയ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉംറ തീർത്ഥാടകരെയും ഇന്ത്യയിൽ എത്തിച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയതോടെ ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് 3000 ഓളം വരുന്ന ഈ തീർത്ഥാടകർക്കായി പ്രത്യേക വിമാന സർവീസുകൾ നടത്തി. 185 തീർത്ഥാടകർ അടങ്ങുന്ന അവസാന സംഘം ഇന്നലെ നാട്ടിലേക്ക് മടങ്ങി.
Read Also : കൊവിഡ് 19 : രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി
അതിനിടെ വ്യാപാരികൾ പൂഴ്ത്തിവച്ച ഇരുപത് ലക്ഷത്തോളം മാസ്‌ക്കുകളും ഗ്ലൗസുകളും പിടിച്ചെടുത്തതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവയ്പ്പ്, അമിത വില തുടങ്ങിയവ നിരീക്ഷിക്കാൻ രാജ്യത്ത് ശക്തമായ പരിശോധനയാണ് നടക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ ജി20 രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി അടുത്തയാഴ്ച ചേരുമെന്ന് അധ്യക്ഷ പദവിയിലുള്ള സൗദി അറേബ്യ അറിയിച്ചു. അംഗ രാജ്യങ്ങളിൽ കൊറോണ മൂലമുണ്ടായ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും തുടർ നടപടികളും ഉച്ചകോടി ചർച്ച ചെയ്യും.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here