ഇത് കരുതലിന്; ഫ്രഞ്ച് യുവതിയേയും കുഞ്ഞിനേയും സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം

കൊച്ചിയിൽ വച്ച് ബാഗും പണവും നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിയെയും കുഞ്ഞിനെയും മനുഷത്വപരമായി സഹായിച്ചതിന്റെ പേരിൽ പ്രശംസ നേടിയ കളമശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘുവിന് സംസ്ഥാന പൊലീസിന്റെ അനുമോദനം. സംസ്ഥാന പൊലീസ് ചീഫീന് വേണ്ടി ഐ ജി വിജയ് സാക്കറെയാണ് രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്വാഷ് റിവാർഡും നൽകിയത്.
ഋഷികേശിലേക്ക് പോയ യുവതിക്ക്, കേറോണ ഭീതിയിൽ ഹോട്ടലുകൾ എല്ലാം അടച്ച സാഹചര്യത്തിലും രഘു കൈത്താങ്ങായി. ഇന്ത്യൻ റെയിൽവെ പ്രൊജക്ട് മാനേജർ പ്രമോദുമായി ബന്ധപ്പെട്ട് രഘു യുവതിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു. രഘുവിന്റെ പ്രവൃത്തിയുടെ പേരിൽ സംസ്ഥാന പൊലീസിനെ അഭിനന്ദിച്ച് ശശി തരൂർ എംപി ട്വിറ്റ് ചെയ്തു. തുടർന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലനൈൻ കേരളാ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഫോർട്ട് കൊച്ചിയിൽ അർധരാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ മെക്‌സിക്കൻ വനിതയെ സഹായിച്ചതിന്റെ പേരിലും രഘു പ്രശംസ ഏറ്റുവാങ്ങിയിരുന്നു. മുൻ ഡിജിപിയും റോ ഡയറക്ടറുമായിരുന്ന ഹോർമിസ് തരകൻ രഘുവിനെ പ്രശംസിച്ച് കുറിപ്പ് എഴുതിയിരുന്നു. വിവിധ സംസ്ഥാന പൊലീസ് വിഭാഗവും രഘുവിനെ അഭിനന്ദിച്ചു. ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് സുഷമ പാർച്ചെ രഘുവിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. രഘുവിനെ പോലെയുള്ള പൊലീസുകാരൻ കേരള പൊലീസിന്റെ അഭിമാനമാണെന്നായിരുന്നു ഡിജിപി അഭിപ്രായപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here