കൊവിഡ് 19; ബോധവത്കരണത്തിനായി വീണ്ടും കേരളാ പൊലീസ്; ഇത്തവണ ലൂസിഫറിലെ പശ്ചാത്തല സംഗീതവുമായി ഹ്രസ്വചിത്രം

കൊവിഡ് 19 കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ കേരളാ പൊലീസും ബോധവത്കരണ കാമ്പയിനുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. രാജ്യാന്തര മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ കൈകഴുകൽ ഡാൻസിന് ശേഷം ഇപ്പോൾ കൊവിഡ് 19 പ്രതിരോധ ബോധവത്കരണത്തിന് ഹ്രസ്വ ചിത്രവുമായാണ് കേരളാ പൊലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൈകഴുകൽ ഡാൻസിന് തെരഞ്ഞെടുത്തത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനമാണെങ്കിൽ ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിലെ പശ്ചാത്തല സംഗീതമാണ് ഹ്രസ്വ ചിത്രത്തിന് ഹൈലൈറ്റ് ആയി നൽകിയിരിക്കുന്നത്.
കൊറോണ വൈറസിനെ എങ്ങനെ ചെറുക്കാം എന്നതാണ് വിഡിയോയിലൂടെ കാണിച്ചുതന്നിരിക്കുന്നത്. ഹാൻഡ് സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും പ്രാധാന്യം ചെറുത്തുനിൽപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നും കൊറോണ വൈറസിനെ എങ്ങനെ ചെറുത്ത് തോൽപിക്കാമെന്നും രസകരമായി രണ്ട് മിനിറ്റിലൂടെ പറഞ്ഞിരിക്കുന്നു.
ഈ കാലവും കടന്ന് പോകും. ഇതും നമ്മൾ അതിജീവിക്കും. ‘നിലപാടുണ്ട്. നില വിടാനാകില്ല. നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ’ എന്നാണ് ഹ്രസ്വചിത്രത്തോടൊപ്പമുള്ള സന്ദേശം. മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർക്കായി വിഡിയോ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്കായും വിഡിയോ സമർപ്പിച്ചിരിക്കുന്നു. ആശയം- മനോജ് എബ്രഹാം ഐപിഎസ് എഡിജിപി, സംവിധാനം- അരുൺ ബി ടി (സോഷ്യൽ മീഡിയ സെൽ)
Story highlight: Covid 19,Kerala police video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here