മൂന്നാറിൽ രണ്ടാഴ്ചത്തേയ്ക്ക് വിനോദ സഞ്ചാരികൾക്ക് വിലക്ക്

മൂന്നാറിലെത്തിയ വിദേശ വിനോദ സഞ്ചാരിക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. രണ്ടാഴ്ചത്തേയ്ക്ക് മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. കൂട്ടം കൂടുന്നതും, പൊതു പരിപാടികളും നിരോധിച്ചു.
ടീ കൗണ്ടി റിസോർട്ടിലെത്തിയ വിദേശ സഞ്ചാരികളിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ്മൂന്നാർ. വിനോദ സഞ്ചാര മേഖലയും തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
വരുന്ന രണ്ടാഴ്ചത്തേയ്ക്ക് മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് പൂർണ വിലക്കേർപ്പെടുത്തി. ആളുകൾ കൂട്ടം കൂടുന്നതും പൊതു പരിപാടികൾക്കും നിരോധനമുണ്ട്. മൂന്നാർ മേഖലയിലെ കോളനികളിലും എസ്റ്റേറ്റുകളിലും പൊലീസ്, റവന്യു, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയമിക്കും. മൂന്നാറിലേയ്ക്കെത്തുന്ന ആളുകളെ നിരീക്ഷിക്കുന്നതിനായി മൂന്നിടങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കും. മൂന്നാർ കോളനിയിലും എസ്റ്റേറ്റ് മേഖലകളിലും ഷെയർ ഓട്ടോ ടാക്സികൾക്കും രണ്ടാഴ്ചത്തേയ്ക്ക് വിലക്കേർപ്പെടുത്തി. വ്യാപര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും ടൗണിലേയ്ക്ക് എത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here